സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്9 സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. സാംസങ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്നാണ് അബദ്ധത്തില്‍ ഇവയുടെ ചിത്രങ്ങള്‍ പുറത്തായതെന്നാണ് വിവരം. ബാഴ്‌സലോണയില്‍ 25-ാം തിയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്കായി അവതരിപ്പിച്ച ആപ്പിലൂടെയാണ് ഇത് ചോര്‍ന്നത്. ഗ്യാലക്‌സി എസ്9നെക്കുറിച്ച് നേരത്തേ അനൗദ്യോഗികമായി പുറത്തു വന്ന വിവരങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍.
ഈ വിവരങ്ങള്‍ പുറത്തായത് ഔദ്യോഗിക അവതരണത്തെ ബാധിക്കുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫോണിനെക്കുറിച്ചുള്ള ഓഗ്മെന്റഢ് റിയാലിറ്റി എക്‌സ്പീരിയന്‍സില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തായതെന്ന് എക്‌സ്ഡ്എ ഡെവലപ്പേഴ്‌സ് എന്ന വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഡീകംപൈല്‍ ചെയ്ത ഒരു റെഡ്ഡിറ്റ് യൂസറുടെ പ്രൊഫൈലില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ചിത്രങ്ങള്‍ ആദ്യം പുറത്തു വിട്ടത് ഈ സൈറ്റാണ്.
സാംസങ് സെര്‍വറില്‍ നിന്ന് നേരിട്ടാണ് ഈ ചിത്രങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചതെന്ന് സൈറ്റിന്റെ എഡിറ്റര്‍ മിഷാല്‍ റഹ്മാന്‍ പറഞ്ഞു. ഇവ യാഥാര്‍ത്ഥ ചിത്രങ്ങളാണെന്നതില്‍ സംശയമേയില്ല. സാംസങ് രഹസ്യമാക്കി വെച്ചിരുന്നവയാണ് ഇതെന്നും റഹ്മാന്‍ പറഞ്ഞു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ക്യാമറയുടെ താഴേക്ക് മാറ്റിയതൊഴിച്ചാല്‍ എസ്8ല്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ മോഡലില്‍ ദൃശ്യമല്ല. എന്നാല്‍ ഊഹോപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സാംസങ് വക്താവ് ഇതോട് പ്രതികരിച്ചത്.
Leave a Reply