കാരൂര്‍ സോമന്‍
ഒരു ചെറുഗ്രാമത്തിലേക്കുള്ള വഴി പോലെയാണ് അതു തോന്നിച്ചത്. തികഞ്ഞ നിശബ്ദത തളം കെട്ടി നില്‍ക്കുകയായിരുന്നു എങ്ങും. ഒരിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടതേയില്ല. ഒരു ചെറിയ ഡാബയില്‍ നിന്നും ചായ തിളപ്പിക്കുന്നതിന്റെ പുക ഉയരുന്നു. വൃത്തിയില്ലാത്ത ആ സമോവര്‍ തന്നെയായിരുന്നു, ഇതൊരു ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്.

പുതിയ ഇരുനൂറു രൂപ നോട്ടിന്റെ മുറതലയ്ക്കല്‍ സാഞ്ചി സ്തൂപം കണ്ടപ്പോള്‍ മുതല്‍ക്കു തോന്നിയ ആഗ്രഹമായിരന്നു ഇവിടേക്കുള്ള വരവ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു പിന്‍പ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമായിരുന്നുവത്രേ ഈ പുണ്യസ്ഥലം, സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍ സ്തൂപങ്ങളും, മറ്റു ബൗദ്ധസ്മരകങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു.

ഭോപ്പാലില്‍ നിന്നും ഇത്താര്‍സി വരെ പോകുന്ന വിന്ധ്യാചല്‍ എക്‌സ്പ്രസ് സാഞ്ചി സ്റ്റേഷനില്‍ നിര്‍ത്തും. പിന്നെ ചില പ്രാദേശിക വണ്ടികളും. ഗോതമ്പ് പാടങ്ങള്‍ പടര്‍ന്നു നില്‍ക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെറു റോഡിലൂടെ ഹൈവേയിലേക്ക് കയറാം. അതിനു മുന്‍പ് തന്നെ ശ്രീലങ്കയെ മഹാബോധി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്രീലങ്കന്‍ മഹാബോധി ക്ഷേത്രം കാണാം. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിദിഷയിലേക്കുള്ള ഹൈവേ മറി കടന്നുവേണം സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നിടത്തേക്കു പോകാന്‍. സാഞ്ചിയില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിദിഷയില്‍ എത്താം. മദ്ധ്യകാലഘട്ടത്തില്‍ ഭെല്‍സ എന്നും വിളിച്ചിരുന്ന വിദിഷയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ സാക്ഷരത 86.88 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 74.04 ശതമാനത്തേക്കാള്‍ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 92.29 ശതമാനവും സ്ത്രീകളുടേത് 80.98 ശതമാനവുമാണ്. വിദിഷയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേര്‍ ആറുവയസിനു താഴെയുള്ളവരാണ്. ഗുപ്തകാലത്തിന്റെ പെരുമ പേറുന്ന വിദിഷയില്‍ നിന്നും സാഞ്ചിയിലേക്ക് വരാം.


റോഡ് മറികടന്ന് വീണ്ടും ഗോതമ്പ് പാടത്തിനു നടുവിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ വഴി. നല്ല വെയില്‍ക്കാറ്റ്. ഒരു പെരുവഴിയമ്പലം പോലെ പോസ്റ്റോഫീസ് പതുങ്ങി തളര്‍ന്നു കിടക്കുന്നു.

ബേത്വ നദിയില്‍ നിന്നാണ് കാറ്റ് വരുന്നത്. സാഞ്ചി സ്തൂപം നില്‍ക്കുന്ന ചെറിയ കുന്ന് ദൂരെ നിന്നേ കാണാം. അതിനപ്പുറത്താണ് വേത്രാവതി, ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്ന യമുനാ നദിയുടെ ഒരു പോഷനദിയായ ബേത്വ ഒഴുകുന്നത്. ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള മാന്‍ഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹംരിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു. ഇതിഹാസമായ മഹാഭാരതത്തില്‍ ചര്‍മന്‍വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്. ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെന്‍ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


മുന്നില്‍ ഇന്ത്യന്‍ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പൊന്‍വെളിച്ചം തൂവി സാഞ്ചി സ്തൂപം. ആകാശത്തിന് ഭൂമിയുടെ സന്ദേശം നല്‍കുന്നതു പോലെ, ചെറു കാറ്റിനു പോലും അളന്നു കുറിച്ചെടുക്കുന്ന മൗനത്തിന്റെ വലിയൊരു വില സമ്മാനിക്കുന്നതു പോലെ അന്തരീക്ഷം ധ്യാനത്തിലാണ്ടിരിക്കുന്നു. ഇവിടെ ശ്രീബുദ്ധന്റെ നിശ്വാസഗതികള്‍ തീര്‍ത്ത വിദിശയില്‍നിന്ന് പടര്‍ന്നു പന്തലിക്കുന്ന ആദ്ധ്യാത്മീക തേജസ് പ്രകടം.

മുന്നോട്ടു നോക്കുമ്പോള്‍ കാണാനാവുന്ന കുന്നിന്‍ മുകളിലാണ് മഹാസ്തൂപം പ്രകടമായി തലയെടുപ്പോടെ നില്‍ക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍ ശിലാനിര്‍മിതി. മൂന്നാം നൂറ്റാണ്ടിലായിരിക്കണം ഇതു നിര്‍മ്മിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ശിലാനിര്‍മ്മിതിയാണത്രേ ഇത്. അതു കൊണ്ടു തന്നെയാവണം, സാംസ്‌ക്കാരിക പൈതൃകത്തിന്റെ മുഖപത്രമായി സാഞ്ചിയില്‍ സ്തൂപം നിലകൊള്ളുന്നത്. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മിക നിര്‍മ്മിച്ചിരിക്കുന്നു, അതിനു മുകളില്‍ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍, ഛത്രാവലി എന്നാണ് ഇതിന്റെ പേര്.
കുന്ന് കയറി മുകളിലെത്തി. വിശാലമായ പുല്‍ത്തകിടി താഴെ കാണാം. ദൂരെ മാനവും ഭൂമിയും ആവേശത്തോടെ ആശ്ലേഷം ചെയ്യുന്നു. അണ്ഡത്തില്‍ നിന്ന് 16 അടി ഉയരത്തില്‍ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങള്‍ക്കു കാരണം എന്നും ബുദ്ധന്‍ പഠിപ്പിച്ചതിന്റെ സാരാംശം ഇവിടെ പ്രകടം. ഇത്തരം ആഗ്രഹങ്ങളെ ബുദ്ധന്‍ തന്‍ഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലര്‍ത്തി ഈ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിക്കുന്നതിന്റെ പൊരുള്‍ ശിലാലിഖിതങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും ബുദ്ധന്‍ പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കുന്ന ഒട്ടേറെ ശിലാചിത്രങ്ങളാല്‍ മുഖരിതമാണ് സ്തൂപിന്റെ ഭിത്തികളെല്ലാം തന്നെ. ജീവിതത്തില്‍ മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ പിന്നീടുള്ള ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അതു കൊണ്ട് തന്നെ നന്മ ചെയ്തു മാത്രം മുക്തി പ്രാപിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍.

ധര്‍മ്മപദത്തില്‍ ഇരുപത്തിനാലദ്ധ്യായങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന ബുദ്ധമതത്തിന്റെ സാരം ഇവിടെയും കാണാം. ബുദ്ധമതം എന്നു വെച്ചാല്‍ ബുദ്ധന്‍ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളില്‍ ധര്‍മ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നുവെന്നാണല്ലോ വെയ്പ്. സാഞ്ചിയിലെ സ്തൂപിന്റെ നടവഴികളിലൂടെ നടക്കുമ്പോള്‍ ബുദ്ധന്റെ പാത പിന്തുടര്‍ന്നെത്തിയ അശോക ചക്രവര്‍ത്തിയെ ഓര്‍ത്തുപോയി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവന്‍ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങള്‍ ചെയ്ത അശോകന്‍ ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ വരെ സാമ്രാജ്യം വ്യാപിപ്പിച്ചു. തെക്കുഭാഗത്ത് ഉത്തരകേരളത്തിന്റെ ഭാഗവും അശോകസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. സ്‌നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുവാന്‍ ഉദ്‌ബോധിപ്പിച്ച ഈ അശോകചക്രവര്‍ത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.

അശോകചക്രവര്‍ത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്.
ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തിനു ശേഷം പ്രതാപമായി തുടര്‍ന്നിരുന്ന കലിംഗ രാജ്യം മാത്രം അശോകചക്രവര്‍ത്തിയെ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ അശോകന്‍ കലിംഗയെ ആക്രമിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പിന്നീടത് ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെയും ചരിത്രത്താളുകളിലെ അവിസ്മരണീയ അധ്യായമായി മാറിയതിന് സാക്ഷ്യം കൂടിയാണ് സാഞ്ചിയിലെ സ്തൂപം.

മൗര്യ സാമ്രാജ്യത്തില്‍ നിന്നും ക്ഷാത്രപരും കുശാനന്മാരും മാള്‍വാ പ്രദേശം പിടിച്ചടക്കിയപ്പോള്‍ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടില്‍ ഗുപ്തവംശം ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തില്‍ ഇവിടെ കൂടുതല്‍ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാള്‍വ കീഴടക്കി ഭരിച്ചു. ഇതില്‍ ഹര്‍ഷവര്‍ദ്ധനന്റെ കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. ബ്രാഹ്മണ മതം ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളര്‍ച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.
നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818ല്‍ ജനറല്‍ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ സര്‍ ജോണ്‍ മാര്‍ഷലിന്റെ മേല്‍നോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോള്‍ സാഞ്ചിയില്‍ ഏകദേശം അന്‍പതോളം സ്മാരകങ്ങളുണ്ട്, ഇവയില്‍ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉള്‍പ്പെടും. 1989 തൊട്ട് യുനസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സാഞ്ചിയുമുണ്ട്. ഏറെ കാണാനുണ്ട് സാഞ്ചിയില്‍. ഗോതമ്പ് പാടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെറുഗ്രാമം ഒരു കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌ക്കാരിക തലസ്ഥാനമായിരുന്നുവെന്ന് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ ഒരു ചെറുകുളിര് അനുഭവപ്പെട്ടു. സ്തൂപത്തിനു സമീപം ഒട്ടനവധി ബുദ്ധക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇന്ന് അതില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് കാലപഴക്കത്തെ അതിജീവിച്ചു നിലകൊള്ളുന്നത്. ടെംപിള്‍ 17, ടെംപിള്‍ 18 എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങള്‍. ഗുപ്തകാലത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ആരാധനയില്ലാത്ത മറ്റൊരു ക്ഷേത്രം. ഒരു ബുദ്ധ മൊണാസ്ട്രിയും ഇതിനോടടുത്തു കാണാം. ശിലയില്‍ പാകിയെടുത്ത നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ സാഞ്ചിയില്‍ ഉണ്ട്. ഓരോ ശിലയിലും കൊത്തിയെടുത്തിയിരിക്കുന്ന കരവിരുത് കാലത്തിന്റെ മുന്നില്‍ മുട്ടുമടക്കി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങള്‍ സാഞ്ചിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചിട്ടു പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്തൂപത്തിന്റെ അടുത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയാണ് ഗ്രാമം. തുടര്‍ന്നങ്ങോട്ട് കണ്ണെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന സ്വര്‍ണ്ണമണികളോടു കൂടിയ ഗോതമ്പ് പാടങ്ങളുടെ വിശാലദൃശ്യം.

മടങ്ങുമ്പോള്‍, ‘നാശം എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്‌നംചെയ്യുക’ എന്ന ബുദ്ധവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി തോന്നി. ‘ശരീരം മലിനവസ്തുക്കളാല്‍ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടര്‍ച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.’ സ്മൃതിവാക്യങ്ങള്‍ നിറഞ്ഞ ശിലാലിഖിതങ്ങള്‍ ഒരു നിമിഷം കൂടി ഓര്‍മ്മയില്‍ നിറയവേ, ഒരിക്കല്‍ കൂടി സാഞ്ചിയെ നോക്കി ഹൃദയത്തില്‍ വണങ്ങി.