ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലുടനീളമുള്ള 95 ശാഖകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി സാൻ്റാൻഡർ പ്രഖ്യാപിച്ചു . ഇത് 750 പേരുടെയെങ്കിലും ജോലി ഇല്ലാതാക്കുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ബാങ്കിങ്ങിലേയ്ക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ജൂൺ മുതൽ അതിൻ്റെ നാലിലൊന്ന് ശാഖകൾ അടച്ചുപൂട്ടാൻ ലക്ഷ്യമിടുന്നതായാണ് ഹൈ സ്ട്രീറ്റ് ബാങ്ക് അറിയിച്ചത്.
ഇത് കൂടാതെയുള്ള മാറ്റങ്ങളുടെ ഭാഗമായി 36 ശാഖകളിലെ സമയം കുറയ്ക്കുകയും മറ്റ് 18 ശാഖകളിൽ നിന്ന് മുൻ കൗണ്ടറുകൾ നീക്കം ചെയ്യുകയും ചെയ്യും. ബ്രാഞ്ചുകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ ബാങ്ക് ആണ് സാൻ്റാൻഡർ . ജനുവരിയിൽ ലോയ്ഡ്സ് 136 അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചിരുന്നു. മിക്കവാറും ഉപഭോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗ് ആണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റങ്ങളാണ് മിക്ക ബാങ്കുകളെയും ബ്രാഞ്ചുകൾ വെട്ടി കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നത്.
ഒരു ബ്രാഞ്ച് അടയ്ക്കുന്നത് എല്ലായ് പ്പോഴും വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും അത് ഞങ്ങളുടെ ഉപഭോക്താക്കളിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതം എങ്ങനെ കുറയ്ക്കാമെന്നും വിലയിരുത്താൻ ധാരാളം സമയം ചെലവഴിക്കുന്നതായി ഒരു സാൻ്റാൻഡർ വക്താവ് പറഞ്ഞു. യൂണിയനുകളുമായി കൂടിയാലോചിച്ച ശേഷം ബ്രാഞ്ചുകൾ അടയ്ക്കുന്ന തീരുമാനമായി മുന്നോട്ടുപോയാൽ 750 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്ന് സ്പാനിഷ് ഉടമസ്ഥതയിലുള്ള ബാങ്ക് അറിയിച്ചു. യുകെ നിയമങ്ങൾക്കനുസരിച്ച് ശാഖകൾ അടയ്ക്കുമ്പോൾ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും അതാത് പ്രദേശങ്ങൾക്ക് എത്രമാത്രം ആഘാതം സൃഷ്ടിക്കും എന്നുള്ളതിനെ കുറിച്ച് വിലയിരുത്തണം.
Leave a Reply