കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി അച്ഛൻ സനു മോഹന്റെ അമ്മ സരള. സനുവിന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നു സരള പറയുന്നു.
സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. പൂനെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്നു കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യവീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഞ്ചു വര്‍ഷമായി ബന്ധുക്കള്‍ അവരെ തന്നില്‍നിന്ന് അകറ്റിനിര്ത്തിയിരിക്കുകയായിരുന്നുവെന്നും സരള കുറ്റപ്പെടുത്തി.
അതേസമയം സനു ഒളിവില്‍ പോയി 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരുസംഘം പൂനെയിലെത്തി. അവിടെ സനുവിന്റെ അടുപ്പക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. നിലവില്‍ കോയമ്പത്തൂരിലും ചെന്നൈയിലും രണ്ടു സംഘം സനുവിനായി തെരച്ചില്‍ നടത്തുണ്ട്.
സാന്പത്തിക ആവശ്യങ്ങള്‍ക്കായി സനു സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളെയോ ബന്ധപ്പെടുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരുന്നത് അന്വേഷണം വൈകുന്നതിനിടയാക്കി. സനു മോഹനുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
ഇയാൾ കേരളത്തില്തന്നെയുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൊച്ചി ഡിസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
Leave a Reply