ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വെയ്ൻ കൂസെൻസിന് ജീവപര്യന്തം കഠിന തടവ്. മരണം വരെ തടവിൽ കഴിയണമെന്ന ശിക്ഷ വിധിച്ചുകൊണ്ട് ദാരുണവും ക്രൂരവുമായ കൊലപാതകമാണ് നടന്നതെന്ന് ജഡ്ജി ഫുൾഫോർഡ് വ്യക്തമാക്കി. ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധിയാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത പ്രതി യാതൊരു നീതിയും അർഹിക്കുന്നില്ലെന്നും വളരെ ഗൗരവമേറിയ കേസാണ് ഇതെന്നും കോടതി വിധിച്ചു. 50 വർഷത്തിന് മുമ്പ് പാർലമെന്റ് വധശിക്ഷ നിർത്തലാക്കിയതിനാൽ ഏറ്റവും വലിയ കുറ്റവാളികൾക്ക് ഇപ്പോൾ നൽകുന്ന ശിക്ഷയാണ് ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കുക എന്നത്. മനുഷ്യത്വരഹിതമായ ചെയ്തികൾ നിമിത്തം ഈ ശിക്ഷയാണ് കൂസെൻസിനെയും തേടിയെത്തിയിരിക്കുന്നത്.
കേസിനാധാരമായ സംഭവം – 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക്സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച് 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർത്ഥമായി ഭാര്യയെ കമ്പളിപ്പിച്ചു. ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു.
സാറാ എവറാർഡിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറം വേദനാജനകമാണെന്ന് കോടതി അറിയിച്ചു. തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ സ്വന്തം കുടുംബത്തെയും കമ്പിളിപ്പിച്ചു. എവറാർഡിന്റെ മാതാപിതാക്കളായ ജെറമിയും സൂസനും സഹോദരി കാറ്റിയും പ്രതിയെ ‘രാക്ഷസൻ’ എന്നാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ജീവിതാന്ത്യം വരെ തടവിൽ കഴിയാൻ വിധിക്കപ്പെട്ട ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് വെയ്ൻ കൂസെൻസ്. ഇതുവരെ 60 പേർക്കാണ് ഈ ശിക്ഷ നൽകിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള ക്രൂരകൃത്യങ്ങൾ ഇല്ലാതാകണമെന്ന പ്രതീക്ഷ ഉയർത്തികൊണ്ടാണ് ഓൾഡ് ബെയ്‌ലി കോടതി വെയ്ന് അർഹമായ ശിക്ഷ വിധിച്ചത്.
Leave a Reply