സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. മേയർ ജിം ബ്രൗൺ, എം പി കെവിൻ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയ സ്റ്റീവനേജിന്റെ നായക നിരയോടൊപ്പം സർഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, സജീവ് ദിവാകരൻ, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ ചേർന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സർഗം ക്രിസ്തുമസ്സ് ആഘോഷത്തിന് ഔദ്യോഗികമായ നാന്ദി കുറിച്ചു. ഉദ്ഘാടന കർമ്മത്തിനു ശേഷം മേയറും, എം പി യും, ഹിലാരിയും, അലോഷ്യസും സദസ്സിന് സന്ദേശം നൽകി ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിയുടെ പ്രാരംഭമായി പ്രവീൺകുമാർ തോട്ടത്തിൽ തയ്യാറാക്കിയ ‘ഹോമേജ് ടു ലെജൻഡസ് ‘ ഈ വർഷം വിടപറഞ്ഞ ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങളായ മുൻ പ്രധാന മന്ത്രിയും, പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ്, ലോകോത്തര ബിസിനസ്സ് മേധാവിയും, ജീവകാരുണ്യ മാതൃകയുമായ രത്തൻ ടാറ്റ, പ്രശസ്ത തബലിസ്റ്റും, സംഗീതജ്ഞനുമായ സാക്കിർ ഹുസൈൻ, ഗസൽ വിദഗ്ദ്ധനും, പിന്നണി ഗായകനുമായ പങ്കജ് ഉദാസ്, പത്മഭൂഷൺ ജേതാവും മലയാള മനസ്സുകളിൽ എഴുത്തിന്റെ മുദ്ര ചാർത്തുകയും ചെയ്ത എം ടി വാസുദേവൻ നായർ, മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും, ശ്രദ്ധാഞ്ജലി സമർപ്പണവും അനുചിതവുമായി.
എൽ ഈ ഡി സ്ക്രീനിൽ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങൾ സൃഷ്ടിച്ച് ബെത്ലേഹവും, മംഗളവാർത്ത മുതൽ ദർശ്ശനത്തിരുന്നാൾ വരെ കോർത്തിണക്കി അവതരിപ്പിച്ച ‘പുൽത്തൊട്ടിലിലെ ദിവ്യ ഉണ്ണി’ നേറ്റിവിറ്റി പ്ളേ ആഘോഷത്തിലെ ഹൈലൈറ്റായി. തിരുപ്പിറവി പുനാരാവിഷ്ക്കരിക്കുന്നതിൽ ബെല്ലാ ജോർജ്ജ്, ജോസഫ് റോബിൻ, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേൽ അജി,ജോഷ് ബെന്നി, ആരോൺ അജി, ജോൺ അഗസ്റ്റിൻ എന്നിവർ ബൈബിൾ കഥാപാത്രങ്ങളായി. അഭിനേതാക്കളെയും മേക്കപ്പ് ആർട്ടിസ്റ്റ് സിജോ ജോസ് കാളാംപറമ്പിൽ, സംവിധായക ടെറീന ഷിജി എന്നിവരെയും നിലക്കാത്ത കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, മേയറസ്സ് പെന്നി ഷെങ്കൽ, എംപി കെവിൻ ബോണാവിയ അടക്കം മുഴുവൻ വിഷ്ടാതിഥികളും എഴുന്നേറ്റു നിന്ന് ഹർഷാരവം മുഴക്കിയാണ് തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.
തുടർന്ന് നടന്ന കരോൾ ഗാനാലാപനത്തിൽ ജെസ്ലിൻ, ഹെൻട്രിൻ, ആൻ മേരി ജോൺസൺ, ഏഞ്ചൽ മേരി ജോൺസൺ എന്നിവരോടൊപ്പം ക്രിസ്തുമസ് പാപ്പയായി ജെഫേർസനും കൂടി ചേർന്നപ്പോൾ ക്രിസ്തുമസ്സിന്റെ ദിവ്യാനുഭൂതി സദസ്സിനു പകരാനായി.
സർഗ്ഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ‘സർഗ്ഗം’ സംഘടിപ്പിച്ച പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം അപ്പച്ചൻ-അനു, രണ്ടാം സമ്മാനം ജോയി -മെറ്റിൽഡ എന്നിവരും, ഭവനാലങ്കാരത്തിൽ അലക്സ്-ജിഷ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം സോയിമോൻ-സുജ എന്നിവരും നേടി. യുഗ്മ റീജണൽ കലോത്സവത്തിൽ വിജയിയായ ടിന തോംസനു ട്രോഫിയും സമ്മാനിച്ചു. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവ കാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു.
പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിബ്ബിന്റെ മാതൃക അനു അഗസ്റ്റിൻ പ്രവേശന കവാടത്തിൽ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തിൽ മുത്തുക്കുടകൾ നിരത്തിയും, അലങ്കാര തോരണങ്ങൾ തൂക്കിയും വീഥിയും, ഹാളും ‘ തിരുന്നാൾ’ പ്രതീതി പുൽകിയപ്പോൾ ആഗതരിൽ ഒരു തിരുപ്പിറവിയുടെ നവ്യാനുഭവം പകരുന്നതായി.
അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പ്രൗഢവും വർണ്ണാഭവുമായ കലാസന്ധ്യയിൽ അരങ്ങേറിയ നടന-സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങൾ, മേയറും എംപി യും മറ്റു വിശിഷ്ടാതിഥികളും മണിക്കൂറുകളോളം ഇരുന്നു ആസ്വദിക്കുകയും,സംഘാടകരെയും കലാകാരെയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തുമസ്സ് ഡിന്നറും രുചിച്ചാണ് അവർ വേദി വിട്ടത്.
സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർപേഴ്സ ൻ ഹിലാരി സ്പിയേഴ്സ് കലാ പ്രതിഭകളെ നേരിൽ കണ്ടു അഭിനന്ദിക്കുകയും, വ്യക്തിഗത മികവ് പുലർത്തിയവരിൽ ചിലർക്ക് സ്റ്റീവനേജിന്റെ അഭിമാന വേദിയായ ഗോർഡൻ ക്രൈഗ് തിയേറ്ററിൽ അവതരണ അവസരം നൽകുമെന്നും പറഞ്ഞു. കലാകാർക്ക് വേദികളും അവസരങ്ങളും പ്രോത്സാഹനവും നൽകുന്ന സർഗ്ഗം സ്റ്റീവനേജ് അസോസിയേഷനെ പ്രശംസിക്കുകയും, ഭാവിയിൽ സംയുക്തമായി പദ്ധതികൾ രൂപം ചെയ്യണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.
ക്രിസ്തുമസ്സിന്റെ ഭാഗമായി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജോർജ് എന്നിവർ പങ്കുചേർന്നു നടത്തിയ പ്രെയർ ഡാൻസ് പ്രാർത്ഥനാനിർഭരമായി. നോയലും ആൽഫ്രഡും ചേർന്ന് നടത്തിയ’യുഗ്മ ഡാൻസ്’ നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാൽമ്മകമായ ഭാവ ചടുലതയുമായി സദസ്സിന്റെ കയ്യടി നേടി.
കലാ സന്ധ്യയിൽ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആൻ അലോഷ്യസും, കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോൾ, അതിഥി ഗായകരും, മ്യൂസിക്കൽ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരൻ, അജേഷ് വാസു എന്നിവർ സദസ്സിനെ സംഗീതാമാരിയിൽ കോരിത്തരിപ്പിച്ചു.
മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിച്ച ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് കമ്പനിയായ ‘ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്’, സെൻറ് ആൽബൻസിലെ ‘ചിൽ@ചില്ലീസ്’ കേരള ഹോട്ടൽ, യു കെ യിലെ പ്രമുഖ ഹോൾസെയിൽ ഫുഡ്- ഇൻഗ്രിഡിയൻസ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ ‘ബെന്നീസ് കിച്ചൺ’ അടക്കം സ്ഥാപനങ്ങൾ സർഗ്ഗം ആഘോഷത്തിൽ സ്പോൺസർമാരായിരുന്നു. വിത്സി, അലക്സാണ്ടർ, പ്രവീൺകുമാർ എന്നിവർ പ്രോഗ്രാം കോർഡിനേഷനിലും, ജെയിംസ്, അലക്സാണ്ടർ എന്നിവർ അഡ്മിനിസ്ട്രേഷനിലും അപ്പച്ചൻ, സജീവ് എന്നിവർ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നൽകി.
ദുശ്യ- ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികൾ കോർത്തിണക്കി ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകരായി തിളങ്ങി. ‘ബെന്നീസ്സ് കിച്ചൻ’ ഒരുക്കിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ത്രീ കോഴ്സ് ക്രിസ്തുമസ്സ് ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരൻ വെളിച്ചവും ശബ്ദവും നൽകുകയും, ബോണി
ഫോട്ടോഗ്രാഫിയും, റയാൻ ജെയിംസ് വീഡിയോഗ്രാഫിയും ചെയ്തു.
സർഗ്ഗം സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളിൽ ആൻറണി പി ടോം, ഇവാ അന്നാ ടോം, ടാനിയാ അനൂപ്, അഞ്ജു മരിയാ ടോം, ഹെൻട്രിൻ, ജെസ്ലിൻ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചൽ മേരി, ആൻ മേരി എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതസാന്ദ്രത പകരുന്നവയായി.
എഡ്നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായർ, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായർ എന്നിവർ നടത്തിയ നൃത്തങ്ങൾ ഏറെ ആകർഷകമായി.
ഇവാനിയ മഹേഷ്, സൈറ ക്ളാക്കി, ആദ്യാ ആദർശ്, ഹന്നാ ബെന്നി, അമാൻഡ എന്നിവരും, നിനാ ലൈജോൺ, നിയ ലൈജോൺ എന്നിവരും അലീന വർഗ്ഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി,ബെല്ല ജോർജ്ജ് എന്നിവരും ചേർന്നു നടത്തിയ ഗ്രൂപ്പ് ഡാൻസുകൾ നയന മനോഹരങ്ങളായി.
അദ്വിക്, ഷോൺ, ഫെലിക്സ്, ഫ്രഡ്ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദർശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങൾ വേദി കയ്യടിയോടെയാണ് സ്വീകരിച്ചത്. നോയൽ, ആൽഫ്രഡ്, ജോവൻ, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര,ടെസ്സി, അനഘ, ശാരിക എന്നിവരും ചേർന്ന് നടത്തിയ ‘യൂത്ത് ഗൈറേറ്റ് ‘ സദസ്സിനെ നൃത്തലയത്തിൽ ആറാടിച്ചു.
അടുത്തവർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബർമാരുടെ നോമിനേഷനുകൾക്ക് ശേഷം, ക്രിസ്മസ് ഗ്രാൻഡ് ഡിന്നറോടെ സർഗ്ഗം ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനമായി.
Leave a Reply