അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2025’ പ്രൗഢ ഗംഭീരമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടെയും, മഹാബലിയെ വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും ആർപ്പോ വിളിയും ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അലയടിയായി.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.
മാവേലിയോടൊപ്പം സർഗ്ഗം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ്ജ് റപ്പായി,വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോ. സെക്രട്ടറി ആതിരാ മോഹൻ, സർഗ്ഗം കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്ജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗ്ഗീസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.
ഓണാഘോഷത്തിനു പ്രാരംഭമായി ആവേശപ്പൂർവ്വമായ കലാ പരിപാടികളും, കേരള പ്രൗഢിയും, സൗന്ദര്യവും, മലയാളത്തനിമയും വിളിച്ചോതിയ വെൽക്കം ഡാൻസും ഏറെ ആകർഷകമായി. കൂടാതെ സ്റ്റീവനേജിന്റെ അഭിമാനമായ ‘സർഗ്ഗതാളം ചെണ്ട’ ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ നടത്തിയ ശിങ്കാരി മേളം പരിപാടിയിലെ ഹൈലൈറ്റായി.
തുടർന്ന് സമ്മാന ദാനങ്ങൾക്കുള്ള അവസരമായി. യുക്മ യുടെ അംഗ അസ്സോസ്സിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നും പ്രഥമ വര്ഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ സർഗ്ഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിനു സമ്മാനിച്ചു. കൂടാതെ റീജണൽ തലത്തിൽ അജയ്യരായി തിളങ്ങിയ ആറു വ്യക്തിഗത ചാമ്പ്യന്മാരെയും തദവസരത്തിൽ ആദരിക്കുകയും ചെയ്തു. ആദം ജിൻറ്റോ, ജോസഫ് റോബിൻ, സാവിയോ സിജോ, ജിൻറ്റോ പ്ലാക്കാട്ട്, ദീപു ജോർജ്ജ്, ടിന്റു മെൽവിൻ അതോടൊപ്പം സമ്മാനങ്ങൾ നേടിയ കായിക താരങ്ങളായ ടോം ഷിബു, ആൽഫ്രഡ്, ജോവൻ, ജിൽസ, മെൽവിൻ, ആൽബി അടക്കം താരങ്ങളെ സർഗ്ഗം അനുമോദിച്ചു. ദേശീയ തലത്തിൽ തിളങ്ങുകയും വ്യക്തിഗത ചാമ്പ്യൻമാരാവുകയും ചെയ്ത സാവിയോ സിജോ, ടിന്റു മെൽവിൻ, ദേശീയ ഇനങ്ങളിൽ മെഡൽ നേടിയ ജോസഫ് റോബിനെയും പ്രത്യേകം അഭിനന്ദിച്ചു.
കേരളത്തിന്റെ കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സർഗ്ഗം അസ്സോസ്സിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്, യുക്മ സെക്രട്ടറി ഭുവനേഷ് പീതാംബരൻ സമ്മാനദാന വേദിയിൽ എടുത്തു പറഞ്ഞു. റീജണൽ കലാമേളയിൽ ഏറെ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. സ്റ്റീവനേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും തദവസരത്തിൽ വിതരണം ചെയ്യുകയുണ്ടായി.
തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധവും, ആസ്വാദ്യകരവുമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ സ്‌കിറ്റുകൾ എന്നിവ ആഘോഷസന്ധ്യയെ വർണ്ണാഭമാക്കി.
ടെസ്സി ജെയിംസ് , ജിൻറ്റു ജിമ്മി, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി തിളങ്ങി. GCSE യിൽ ഉയർന്ന വിജയം നേടിയ മെൽവിൻ ഡി മാത്യു, ആൻഡ്രിയ ജെയിംസ് എന്നിവർക്കുള്ള കാഷ് പ്രൈസ് മനോജ് ജോൺ വിതരണം ചെയ്തു. സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി.
തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ഹെൻട്രിൻ, ജെസ്‌ലിൻ വിജോയും, തേജിനും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി ടാനിയാ അനൂപും, ഡോ. ആരോമലും വേദി കയ്യടക്കി. പോപ്പ് ഗാനവുമായി എറിൻ ജോൺ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. മരിയ ടോം, ഇവ അന്നാ ടോം, ആൻ മേരി ജോൺസൺ, നിസ്സി ഗിബി, ക്രിസ് ബോസ്, ഏഞ്ചൽ മേരി ജോൺസൺ, ആൻറണി ടോം എന്നിവർ വേദിയിൽ സംഗീതസാന്ദ്രത പകർന്നു.
ജോവൻ, ആൽഫ്രഡ്, ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ടെസ്സ അനി, ആദ്യ ആദർശ് , അദ്വൈത ആദർശ്, അന്നാ, ലക്സ്മിത പ്രശാന്ത്, മരിയ അനി ജോസഫ്, സാറ സുനിൽ, റീത്ത, ഇഷ ബിബിൻ എന്നിവർ നൃത്തം അവതരിപ്പിച്ചു.,ആതിര, ടെസ്സി, അനഘ,ശാരിക, എന്നിവരുടെ ഗ്രൂപ്പ് ഡാൻസും അൻസാ, അലീന,അന്ന,സോന,ടാനിയ,അനാമിക, അജീന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും, വൈഗ വിവേക്, ജിൽസ, ഏഞ്ചൽ, ജോസ്‌ലിൻ, ഇവലിൻ, ലെന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഓണാഘോഷത്തിൽ വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു. നോയൽ, ക്രിസ്, ജോഷ്, മരിറ്റ, ക്രിസ്സി, ഹൃദ്യ എന്നിവർ നടത്തിയ ഫ്യൂഷൻ ഡാൻസും ആകർഷകമായി.
എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ എട്ടു മണിക്കൂറോളം നീണ്ടു നിന്നു.
Leave a Reply