കൊച്ചി: മുഖ്യമന്ത്രിക്ക് 1 കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് സരിത എസ്. നായര്‍. ചാന്ദ്‌നി ചൗക്കില്‍ വെച്ച് കുരുവിള വഴി 1 കോടി 10 ലക്ഷം രൂപ നല്‍കി. ബാക്കി 80 ലക്ഷം തിരുവനന്തപുരത്തു വീട്ടില്‍ വെച്ചാണ് നല്‍കിയതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനിലാണ് സരിത ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയെ പലതവണ കണ്ടിട്ടുണ്ടെന്നും പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. ഏഴു കോടി രൂപ നല്‍കേണ്ടി വരുമെന്ന് ജിക്കു മോന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ജോപ്പന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. ജിക്കുവിന്റേയും ജോപ്പന്റേയും സലിംരാജിന്റേയും ഫോണുകള്‍ വഴിയാണ് മുഖ്യമന്ത്രിയെ വിളിച്ചത്. പദ്ധതിയേക്കുറിച്ച് ജിക്കുവിന് എല്ലാമറിയാമായിരുന്നെന്നും സരിത വ്യക്തമാക്കി.
മന്ത്രി ആര്യാടന്‍ മുഹമ്മദിന് നാല്‍പ്പത് ലക്ഷം രൂപ നല്‍കിയതായും സരിതാ പറഞ്ഞു. ആര്യാടന്റെ പിഎ കേശവന്‍ രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്. 2011 ജൂണില്‍ മുഖ്യമന്ത്രിയ കണ്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ആര്യാടനെ താന്‍ കണ്ടതെന്നും കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ സരിത പറഞ്ഞു. രണ്ട് കോടി ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് സംസാരിച്ച് ഒരു കോടിയാക്കി. ഇതില്‍ ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കി. മന്‍മോഹന്‍ ബംഗ്ലാവിലെത്തിയാണ് തുക നല്‍കിയത്.
മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പിഎ കേശവനാണ് പണം കൈമാറിയത്. പിന്നീട് 15 ലക്ഷം കൂടി നല്‍കി. രണ്ടാമത്തെ ഘട്ടമായി പണം നല്‍കിയത് ഒരു പരിപാടിയിലാണ്. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞു.
ആര്യാടന് രണ്ടുകോടി നല്‍കിയാല്‍ കാര്യം നടക്കുമെന്ന് പിഎ കേശവനാണ് പറഞ്ഞത്. കല്ലട ഇറിഗേഷന്‍ പദ്ധതി താന്‍ സന്ദര്‍ശിച്ചത് ആര്യാടന്റെ സഹായത്തോടെയാണ്. മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തരപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ പിഎ ആണെന്നും സരിത വെളിപ്പെടുത്തി. എന്നാല്‍ സരിത പറഞ്ഞത് പച്ചക്കള്ളമാണെന്ന് കേശവന്‍ പ്രതികരിച്ചു. സരിതക്ക് വേറേ ഏതോ ലക്ഷ്യങ്ങളുണ്ടെന്നും കേശവന്‍ വ്യക്തമാക്കി.