സ്വന്തം ലേഖകന്‍
ടീം സോളാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അതിന്റെ പരകോടിയിലെത്തി നില്ക്കുകയാണ്. ആരൊക്കെ താഴെ വീഴുമെന്നൊ ആര്‍ക്കൊക്കെ പരിക്ക് പറ്റുമെന്നോ പറയാന്‍ വയ്യാത്ത അവസ്ഥ . ഓഫീസ് ബോയ്‌ മുതല്‍ മുഖ്യമന്ത്രി വരെ , ഡ്രൈവര്‍ മുതല്‍ എം പി വരെ സരിത ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു . ആ സോളാര്‍ ചൂടേറ്റവര്‍ കേരളത്തില്‍ ആരൊക്കെ എന്നു നോക്കാം

ummenഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത്. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പെണ്ട് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാര്‍ട്ടി ആയ കേരള കോണ്‍ഗ്രസ്‌ മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിയുകയും ചെയ്തു . ഈ കേസില്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരന്‍നായര്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വച്ച് നേരിട്ട് കാണുകയും അദ്ദേഹം നല്‍കിയ ഉറപ്പിന്‍പ്രകാരമാണ് സോളാര്‍ പദ്ധതിയില്‍ വീണ്ടും പണം നിക്ഷേപിച്ചത് എന്നും കോടതിയിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയുണ്ടായി . ശ്രീധരന്‍നായരെ കണ്ടിട്ടില്ല എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് ശ്രീധരന്‍നായര്‍ ഓഫീസില്‍ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്നം ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മാറ്റിപ്പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. മുഖ്യമന്ത്രി രാജിവെക്കില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ സോളാര്‍ കേസ് അന്വേഷണം പ്രഹസനമായി . ഏതാനും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം വെളിപ്പെട്ടതോടെ മുഖ്യമന്ത്രി രാജിവച്ചു അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 2016 ജനുവരി 25 നു സോളാര്‍ കമ്മീഷനില്‍ ഹാജരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായ 14 മണിക്കൂര്‍ ചോദ്യം ചെയ്തു.

josek maniജോസ് കെ മാണി

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പ് പുറത്തു വന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ എംപിയും കെ എം മാണിയുടെ മകനും ആയ ജോസ് കെ മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു കുറിപ്പില്‍. അതോടെ കേരള രാഷ്ട്രീയം ഇളകി മറിഞ്ഞു. എന്നാല്‍, കത്ത് തന്‍റെ അല്ലെന്നും തന്റെ കൈയ്യക്ഷരം അല്ല കത്തില്‍ ഉള്ളതെന്നും സരിത വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞു ജോസ് കെ മാണിയും രംഗത്ത് വന്നു. ബ്ലാക്‌മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

Aryadan_shoukath

ആര്യാടന്‍ ഷൗക്കത്ത്

സോളാര്‍ വിവാദനായിക സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ.മോഹം പൊലിയുന്നു. സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ആര്യാടന്‍ കുടുംബത്തെ ഊരാക്കുടുക്കിലാക്കിയത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകക്കേസും ഇതോടെ പുതിയ തലത്തിലേക്കെത്തി.
സരിത എസ്. നായര്‍ തന്റെ ബിസിനസ്സിനായി നിലമ്പൂരില്‍ നിരവധി തവണ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും മന്ത്രി എ.പി.അനില്‍കുമാറുമായിരുന്നു സരിതയുടെ അഭ്യുദയാകാംക്ഷികള്‍. തിരുവനന്തപുരത്തു വച്ച് ഈ രണ്ടുമന്ത്രിമാരുമായുള്ള സരിതയുടെ ബന്ധമാണ് സരിതയെ നിലമ്പൂരിലെത്തിക്കുന്നത്. രാധാവധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുപേരെ ബലിക്കോഴികളാക്കി ഒതുക്കിയെന്ന ആക്ഷേപവും ഇതോടെ ശക്തിപ്പെട്ടു. കേവലം പകയില്‍ മാത്രമൊതുക്കി കേസ് ഒതുക്കി തീര്‍ക്കാനുള്ള അന്നത്തെ സി.ഐ. പി.പി.ചന്ദ്രന്റെ നീക്കം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ചന്ദ്രനു സ്ഥലംമാറ്റവും ലഭിച്ചു.

aryadam muhammed

ആര്യാടന്‍ മുഹമ്മദ്‌

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് തോമസ് കുരുവിളയുടെ പക്കലാണ് ഒരു കോടി 10 ലക്ഷം രൂപ നല്‍കിയത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെന്റ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച് ആദ്യം 25 ലക്ഷം നല്‍കി. പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആര്യാടനെ കണ്ടത്. ആര്യാടെന്റെ പി.എ കേശവന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും സരിത മൊഴി നല്‍കി.

salim

സലിം രാജ്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് താന്‍ വിളിച്ചിരുന്നതായി മുന്‍ ഗണ്‍മാന്‍ സലിം രാജ്. നാനൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സോളര്‍ കമ്മീഷന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി. സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും നമ്പര്‍ നല്‍കി. 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുന്നതിന് തലേദിവസം സന്ധ്യക്കുശേഷം തന്‍െറ മൊബൈല്‍ ഫോണിലേക്ക് അവര്‍ വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം സരിത ക്ളിഫ് ഹൗസിലെ ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചു. സരിതയുടെ ആവശ്യത്തിന് മറുപടി നല്‍കാനായി താന്‍ ഈ ഫോണില്‍നിന്ന് തിരിച്ച് വളിച്ചതായും സലിം രാജ് പറഞ്ഞു.

ഇതല്ലാതെയും സരിതയെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് വിളിച്ചിട്ടുണ്ടെന്നും സരിതക്ക് പല ഉന്നതരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. പൊലീസ് ശേഖരിച്ച ഫോണ്‍ വിളി സംബന്ധിച്ച രേഖകള്‍ ശരിയാണെന്ന് സലിം രാജ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി അന്നത്തെ ഇന്‍റലിജന്‍റ്സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍ തന്നോട് നേരിട്ട് ചോദിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തോമസ്‌ കുരുവിള
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും ഉമ്മന്‍ചാണ്ടിയുടെ ന്യൂഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടത് 200ലേറെ തവണ എന്നാ വെളിപ്പെടുത്തല്‍ പുറത്തുവന്നു. സരിതയുടെ രണ്ട് ഫോണ്‍നമ്പറുകളില്‍നിന്നും തോമസ് കുരുവിളയുടെ ഒരു നമ്പറില്‍നിന്നും ഇവര്‍ തമ്മില്‍ വിളിച്ചിരുന്നതായി വെളിപ്പെടുത്തുന്ന വിശദാംശങ്ങള്‍ സോളാര്‍ കമീഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ തോമസ് കുരുവിളയെ വിസ്തരിക്കുന്നതിനിടയിലാണ് അഡ്വ. ഹരികുമാര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്.

സരിത അറസ്റ്റ് ചെയ്യപ്പെട്ട 2013 ജൂണ്‍ രണ്ടിന് അവരുടെ ഒരു നമ്പറില്‍നിന്ന് കുരുവിളയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. മറ്റൊരു നമ്പറില്‍നിന്ന് 2013 ഫെബ്രുവരി 13നും ജൂണ്‍ രണ്ടിനുമിടയില്‍ 72 തവണ സരിതയും കുരുവിളയും തമ്മില്‍ സംസാരിച്ചു. രണ്ടാമത്തെ നമ്പറില്‍നിന്ന് 2012 ഡിസംബര്‍ 27നും 2013 മെയ് 21നുമിടയില്‍ 133 തവണയാണ് സംസാരിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ 2012 ഡിസംബര്‍ 27ന് ഉമ്മന്‍ചാണ്ടി എത്തിയപ്പോഴാണ് സരിത എസ് നായര്‍ തന്നെ ആദ്യമായി വിളിച്ചതെന്ന് തോമസ് കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സരിത വിളിച്ചത്. അന്ന് വൈകിട്ടും സരിത വിളിച്ചിരുന്നു. തമ്മില്‍ കണ്ടില്ല. മുഖ്യമന്ത്രി ഉള്ളപ്പോഴല്ല സരിത വിളിച്ചതെന്ന തോമസ് കുരുവിളയുടെ മൊഴിയില്‍ കമീഷന്റെ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും രാത്രി ഒമ്പതരയ്ക്കുമിടയില്‍ 16 തവണ സരിതയും തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സരിത വിളിച്ചസമയം താന്‍ കൃത്യമായി ഓര്‍ക്കുന്നില്ലെന്നായിരുന്നു തോമസ് കുരുവിളയുടെ മറുപടി.

venu

കെ സി വേണു ഗോപാല്‍

കെസി വേണുഗോപാലിന് രണ്ടുവട്ടം പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. ടീം സോളാര്‍ കമ്പനിക്ക് ഊര്‍ജമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായാണ് പണം നല്‍കിയതെന്നും ബിജു പറഞ്ഞു.
കെ സി വേണുഗോപാലിന് 35 ലക്ഷം രൂപ നല്‍കി. വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജന്റെ പക്കലാണ് പണം നല്‍കിയത്. ആദ്യ തവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവുമാണ് നല്‍കിയതെന്നും സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കി. സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ സെക്രട്ടറി ഹരികുമാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. താന്‍ ചെന്നിത്തലയുമായി സംസാരിച്ച ശേഷമേ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താവു എന്ന് ഹരികുമാര്‍ നിര്‍ദ്ദേശിച്ചെന്നും ബിജു വെളിപ്പെടുത്തി. ആലപ്പുഴയില്‍ വച്ച് ചെന്നിത്തലയും ഹരികുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബിജു പറഞ്ഞു.

സരിത എസ്‌ നായരുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ്‌ മാധ്യമങ്ങള്‍ പുറത്തു വിട്ടതനുസരിച്ച് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ.സി.ജോസഫ്‌, അടൂര്‍പ്രകാശ്‌,എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണു ഗോപാല്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെയെല്ലാം പലതവണകളായി സരിത ഫോണില്‍ വിളിച്ചതായി പുറത്തു വന്നു. അതോടെ കോണ്‍ഗ്രസ്‌ വന്‍ പ്രതിസനധിയിലായി.

Untitled-1

മോന്‍സ് ജോസഫ്‌

മോന്‍സ് ജോസഫ് ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമീഷന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി. മോന്‍സ് ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. കെ.സി വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നല്‍കി എന്നും ബിജു പറഞ്ഞു. ഗണേഷ് കുമാറിന് 40 ലക്ഷം നല്‍കിയെന്നും കോട്ടയത്ത് ഒരു പരിപാടിക്കെത്തിയ ആര്യാടന്‍ മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് 15 ലക്ഷം രൂപയാണ് കൈമാറിയതെന്നും ബിജു മൊഴി നല്‍കിയിരുന്നു.

jikku

ജിക്കുമോന്‍ ജേക്കബ്‌

സരിതയുമായി രണ്ട് നമ്പറുകളില്‍നിന്നും തിരിച്ചും 500 ലേറെതവണ വിളികളുണ്ടായിട്ടുണ്ടെന്ന വസ്തുതയെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ ഓര്‍മയിലില്ലെന്നും ജിക്കുമോന്‍ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ താന്‍ സ്വമേധയാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്  സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് ജിക്കുമോന്‍ ജേക്കബ് പറഞ്ഞു. സരിതയെ ആദ്യമായി കാണുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി വന്നപ്പോഴാണ്. അതിനുശേഷം ഒരിക്കല്‍ സെക്രട്ടറിയറ്റ്‌ വളപ്പിലും കണ്ട് സംസാരിച്ചു. മൂന്നാംതവണ സെക്രട്ടറിയറ്റിനു സമീപമുള്ള ഹോട്ടലിലാണ് കണ്ടത്. അതിനുശേഷം ഫോണിലൂടെ സംസാരിച്ചു. പിന്നീട് ആ സൗഹൃദം വളര്‍ന്നു. പലപ്പോഴും കുടുംബകാര്യങ്ങളും ഭര്‍ത്താവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും മറ്റുമാണ് സംസാരിച്ചിരുന്നത്. ടീം സോളാര്‍ കമ്പനിയുടെ മാനേജര്‍ ലക്ഷ്മി നായരെന്ന നിലയിലാണ് പരിചയപ്പെട്ടത്. പലപ്പോഴും രാത്രിയിലാണ് വിളിച്ചിരുന്നത്.

ഇതുകൂടാതെ സരിതയുടെ കേസ്സുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ ഒട്ടേറെയുണ്ട്. മുഴുവനും എഴുതാന്‍ ഈ കോളം തികയാതെ വരും. രാഷ്ട്രീയപരമായി സരിതയുടെ കേസ്സിന്റെ ചൂടറിഞ്ഞവര്‍ ഏതായാലും കുറെ നാളത്തെക്കെങ്കിലും അത് മറക്കില്ലെന്നുറപ്പ്‌.