കർഷകരുടെ സമരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ധിക്കാരപരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടിയെന്ന് വെളിപ്പെടുത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്.
കർഷക സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേതാവ് കൂടിയായ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ദാദ്രിയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
”കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ, അഞ്ച് മിനിട്ടിനുള്ളിൽ തന്നെ ആ സംസാരം വാക്കുതർക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.
നമ്മുടെ 500ഓളം കർഷകർ മരിച്ചു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്, അവർ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ഞാൻ അദ്ദേഹവുമായി വാക്കുതർക്കത്തിലെത്തി. അമിത് ഷായെ കാണാൻ അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ കണ്ടു,” ഗവർണർ പറഞ്ഞു.
പ്രക്ഷോഭങ്ങൾ അവസാനിച്ചുവെന്ന് കേന്ദ്രസർക്കാർ കരുതിയെങ്കിൽ അത് തെറ്റാണ്. ഇത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുക മാത്രമാണ്. കർഷകർക്കെതിരെ അനീതി നടക്കുകയാണെങ്കിൽ ഇത് വീണ്ടും ആരംഭിക്കുമെന്നും ഗവർണർ പ്രതികരിച്ചു.
Leave a Reply