ലണ്ടന്‍: സൗദി അറേബ്യ 2015ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ ഏറ്റവും കൂടിയതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം 157 വധശിക്ഷകള്‍ സൗദി നടപ്പാക്കിയതായി വധശിക്ഷകള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 63 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ നാല്‍പ്പത് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. 2010ല്‍ വെറും നാല് ശതമാനം മാത്രമായിരുന്നു മയക്ക്മരുന്ന് കേസുകളുമായി ബന്ധപ്പെട്ട വധശിക്ഷ. 1995ലാണ് ഇതിന് മുമ്പ് രാജ്യത്ത് ഏറ്റവും അധികം വധശിക്ഷ നടപ്പാക്കിയത്. 192 പേരെയാണ് അന്ന് രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ശരിയ നിയമത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കൃത്യമായ ശിക്ഷ നിര്‍വചിച്ചിട്ടില്ല.
ആഗസ്റ്റില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ലാഫി അല്‍ ഷമ്മാരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കേസില്‍ ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരാള്‍ക്ക് വെറും പത്ത് വര്‍ഷത്തെ തടവ് മാത്രമാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മേലാകട്ടെ നേരത്തേ മയക്കുമരുന്ന് കടത്ത് കേസ് ചുമത്തിയിട്ടുമുണ്ട്. വധശിക്ഷയ്ക്ക് വിധേയരായ ആദ്യ നൂറ് പേരില്‍ 56 പേരെ ജുഡീഷ്യല്‍ അധികാരത്തിന്റെ ബലത്തിലാണ് ശിക്ഷിച്ചത്. ഇവര്‍ക്കെതിരേ ഇസ്ലാമിക് നിയമം അനുശാസിക്കുന്ന വിധത്തില്‍ വധശിക്ഷ ലഭിക്കത്തക്ക കുറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു.

ശരിയ പണ്ഡിതന്‍മാര്‍ക്കും വധശിക്ഷയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ശരിക്കും ഇസ്ലാം എന്താണെന്നതും മറ്റുളളവര്‍ ഇതിനെ മനസിലാക്കുന്നതും തമ്മിലുളള വ്യത്യാസമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 158 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് ഹ്യൂമന്‍ റൈറ്റസ് വാച്ചിന്റെ മിഡില്‍ ഈസ്റ്റ് ഗവേഷകന്‍ ആഡം കാള്‍ഗ് പറയുന്നു. 2014ല്‍ ഇത് 90 ആയിരുന്നു. സൗദി അറേബ്യ ഇക്കാര്യത്തില്‍ വാര്‍ഷിക കണക്കുകള്‍ പ്രഖ്യാപിക്കാറില്ല. എന്നാല്‍ വ്യക്തിഗത വധശിക്ഷകള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്ത് വിടാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദി നിയമപ്രകാരം കൊലപാതകത്തിനും ബലാല്‍സംഗത്തിനും മയക്കുമരുന്ന് കളളക്കടത്തിനും വധശിക്ഷ അനുശാസിക്കുന്നുണ്ട്. ദുര്‍മന്ത്രവാദം അടക്കമുളള ചിലവയ്ക്കും സൗദി വധശിക്ഷ നല്‍കാറുണ്ട്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുളള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നതെന്നാണ് സൗദി അറേബ്യ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ വിശദീകരിച്ചത്. എന്നാല്‍ ഐസിസിന്റേതിന് സമാനമാണ് സൗദിയുടെ വധശിക്ഷ എന്നാണ് വിമര്‍ശകരുടെ പക്ഷം.