ലണ്ടന്‍: വധശിക്ഷ നല്‍കുന്ന മുപ്പത് രാജ്യങ്ങളെക്കുറിച്ച് തയാറാക്കിയ ബ്രിട്ടീഷ് പട്ടികയില്‍ സൗദി അറേബ്യയില്ല. വര്‍ഷം തോറും 90 പേരിലേറെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നാടായിട്ടും ഇരുപത് പേജുളള ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ സൗദിയെക്കുറിച്ച് പരാമര്‍ശമേയില്ലെന്നതാണ് ശ്രദ്ധേയം. പട്ടികയില്‍ സൗദി അറേബ്യയെ മാത്രമാണ് ഒഴിവാക്കിയിട്ടുളളത്. വധശിക്ഷകള്‍ അഞ്ച് വര്‍ഷത്തിനകം കുറച്ച് കൊണ്ട് വരാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സൗദിയെക്കുറിച്ച് ബ്രിട്ടന്‍ യാതൊന്നും പരാമര്‍ശിക്കാത്തത്. ബാര്‍ബഡോസ്, സിംഗപ്പൂര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പട്ടികയില്‍ വന്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. 2014ല്‍ പത്തില്‍ താഴെ മാത്രം വധശിക്ഷ നടന്ന രാജ്യങ്ങളാണിവയെന്നതും ശ്രദ്ധേയമാണ്.
സൗദി അറേബ്യയെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയ നടപടി മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ ഈ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് പൗണ്ടിന്റെ പ്രതിരോധ കരാറുകള്‍ നഷ്ടമാകാതിരിക്കാനും സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ആണ് ബ്രിട്ടന്റെ ഈ നടപടിയെന്ന വിലയിരുത്തലുണ്ട്. സൗദി അറേബ്യയുമായുളള ബ്രിട്ടന്റെ ബന്ധങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ഒറ്റ ദിവസം 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി തോബിയാസ് എല്‍വുഡ് നിരാശ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.

അഞ്ച് കൊല്ലം കൊണ്ട് ലോകത്ത് വധശിക്ഷ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് 2011ലെ ബ്രിട്ടീഷ് തന്ത്രത്തില്‍ രേഖപ്പടുത്തിയിട്ടുളളത്. ചൈന, ഇറാന്‍, ബെലാറസ്, അമേരിക്ക, കരിബീയന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യവും ഇതില്‍ ബ്രിട്ടന്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട മറ്റ് ഇരുപത്തഞ്ച് രാജ്യങ്ങളുടെ കൂടി പട്ടികയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന സൗദി അറേബ്യ ഈ രണ്ട് പട്ടികയിലും പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലാണെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ വധശിക്ഷ സംഘത്തിന്റെ ഡയറക്ടര്‍ മായ ഫോവ പ്രതികരിച്ചത്.

വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ സ്ഥിരമായി ഇടം പിടിക്കുന്നു. തലവെട്ടലുകളുടെ എണ്ണവും ഇവിടെ കൂടുതലാണ്. ചൈനയും ഇറാനും ഇറാഖും അമേരിക്കയും പാകിസ്ഥാനും എല്ലാം ഉള്‍പ്പെട്ടിട്ടും സൗദി ഉള്‍പ്പെടാതെ പോയത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലും സംഭവത്തെ അപലപിച്ചു. സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കാന്‍ ബ്രിട്ടന്‍ മടിക്കുന്നു എന്നത് തങ്ങളെ ഏറെ ചിന്തിപ്പിക്കുന്നുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തലവന്‍ അലന്‍ ഹൊഗാര്‍ത്ത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ വധശിക്ഷ ഏത് സാഹചര്യത്തിലായാലും തങ്ങള്‍ എതിര്‍ക്കുമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചത്. സൗദി അറേബ്യയിലായാലും തങ്ങള്‍ വധശിക്ഷയെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശരിയ നിയമം അനുസരിച്ചാണ് തങ്ങള്‍ ശിക്ഷ വിധിക്കുന്നതെന്നാണ് സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്.

വസ്തുതകള്‍ അപഗ്രഥിച്ച് മുന്നിലുളള കുറ്റത്തെ വിലയിരുത്തി ശിക്ഷ വിധിക്കുകയാണ് പതിവ്. ഇത് ചെയ്യുന്നത് മതിയായ യോഗ്യതയുളള ജഡ്ജുമാരാണെന്നും മന്ത്രാലയം പറയുന്നു. യാതൊരു വിധത്തിലുള്ള സ്വാധീനങ്ങളും ഇതിലുണ്ടാവില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത് പൂര്‍ണമായ പട്ടികയല്ലെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. വരുന്ന മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ പട്ടികയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.