സ്വന്തം നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് യുവാവിന്റേയും കൂട്ടാളികളുടേയും തട്ടിപ്പ്. പണം സ്വീകരിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പ് ആസൂത്രകനും രണ്ട് കൂട്ടാളികളും പോലീസ് പിടിയിലായതോടെ വലിയ തട്ടിപ്പാണ് പൊളിഞ്ഞത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.
പന്റുത്തി സ്വദേശിയായ കമൽ ബാബു മൂന്നുമാസം മുമ്പാണ് നാട്ടിൽ എസ്ബിഐയുടെ ശാഖ എന്ന പേരിൽ കടമുറിയിൽ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതിനിടെ, ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു.
കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ കമൽബാബു ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.
അതേസമയം, പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഒരാൾ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.
Leave a Reply