ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്‌സെ തന്നെയെന്ന് സുപ്രീം കോടതി. ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഗാന്ധിവധത്തില്‍ ദുരൂഹതയില്ല. അതുകൊണ്ടുതന്നെ ഹര്‍ജി തള്ളുകയാണെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഗാന്ധിയെ വെടിവെച്ചു കൊന്നത് ഗോഡ്‌സെ തന്നെയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. ഗോഡ്‌സെയെക്കൂടാതെ മറ്റൊരാളും വെടിയുതിര്‍ത്തെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വാദത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും അയാള്‍ക്കുള്ള ശിക്ഷ നല്‍കുകയും ചെയ്തു. ഇനി കേസ് പുനരന്വേഷിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതേക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാമെന്നും ജനങ്ങളുടെ മനസില്‍ സംശയമുണ്ടാക്കുകയാണ് ഹര്‍ജിക്കാരന്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. അഭിനവ് ഭാരത് എന്ന ട്രസ്റ്റിന്റെ ഉടമ പങ്കജ് ഫഡ്നിസ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ്‌ക്യൂറിയായ അമനേന്ദ്ര സിംഗ് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ അറിയിച്ചിരുന്നു.

നാഥുറാം ഗോഡ്സെ തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ വിദേശ ഏജന്‍സികള്‍ക്ക് പങ്കുള്ളതായി തെളിവില്ലെന്നും അമിക്കസ്‌ക്യൂരി കോടതിയയെ അറിയിച്ചു. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെന്നും നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.