ന്യൂഡല്‍ഹി: അനില്‍ അംബാനിക്കു വേണ്ടി വിധിയില്‍ തിരുത്തല്‍ വരുത്തിയെന്ന് വ്യക്തമായതോടെ രണ്ട് സുപ്രീം കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.
ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ്. റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍ വിനീത് സാറന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജനുവരി 7നാണ് ഈ വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ അന്ന് സുപ്രീംകോടതി വെബ്സൈറ്റില്‍ വൈകീട്ട് അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് കാട്ടിയിരുന്നത്. ജനുവരി 10-ന് ഈ വൈരുദ്ധ്യം എറിക്സണ്‍ ഇന്ത്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ കൂടൂതല്‍ അന്വേഷണം നടക്കുന്നതായാണ് സൂചന.
Leave a Reply