ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും കുട്ടികള്‍ രോഗബാധിതരായെന്ന് തോന്നിയാല്‍ ജിപിമാരെ സമീപിക്കണമെന്നും ജനങ്ങള്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു.
10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നതെങ്കിലും ഏത് പ്രായക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. തൊണ്ടയടപ്പ്, തലവേദന എന്നിവയോട്കൂടിയ പനിയും ചര്‍മ്മത്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരച്ചതുപോലെയുള്ള ചുവന്ന പാടുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. ന്യുമോണിയ, സെപ്‌സിസ്, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഈ രോഗത്തിന് അനുബന്ധമായി ഉണ്ടാകുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തിലുള്ള ഒരു ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരും.
വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ രോഗം കാണാറുണ്ടെങ്കിലും സ്പ്രിംഗിലാണ് ഏറ്റവും കൂടുതലുള്ളത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കുട്ടികളുടെ മരണങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരന്‍ ഈ രോഗമായിരുന്നു. 1900 മുതല്‍ 1930 വരെയുള്ള സമയത്ത് ഈ രോഗം മൂലം ഇംഗ്ലണ്ടിലും വെയില്‍സിലും മരിച്ചവരുടെ എണ്ണം 100,000 കടന്നിരുന്നു. ഇപ്പോള്‍ ഈ രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും വിയറ്റ്‌നാം, ചൈന, സൗത്ത് കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ രോഗം പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്നതും യുകെയിലെ രോഗവ്യാപനവുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവി ഡോ.തെരേസ ലമാഗ്നി പറഞ്ഞു.
Leave a Reply