മീസില്‍സ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ വിലക്കു വന്നേക്കുമെന്ന് സൂചന. ഫ്രാന്‍സ്, ഇറ്റലി, ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി ബ്രിട്ടനിലേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതിനുള്ള സാധ്യത തള്ളാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വിസമ്മതിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ നിരവധി മാതാപിതാക്കള്‍ വൈമുഖ്യം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2010നും 2017നുമിടയില്‍ പത്തു വയസിനു താഴെ പ്രായമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ മീസില്‍സ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് യുണിസെഫ് കണക്കാക്കുന്നത്.
ടോക്ക് റേഡിയോയില്‍ സംസാരിക്കുമ്പോളാണ് വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശന വിലക്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹാന്‍കോക്ക് സൂചന നല്‍കിയത്. മറ്റു രാജ്യങ്ങളുടെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ബ്രിട്ടന്‍ ഇതുവരെ അവിടെയെത്തിയിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വാക്‌സിന്‍ നല്‍കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഹാന്‍കോക്ക് വ്യക്തമാക്കി. ഓണ്‍ലൈനില്‍ പടരുന്ന വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങളില്‍ ആശങ്കയുണ്ടെന്ന് നേരത്തേ ഹാന്‍കോക്ക് അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന നുണപ്രചാരണങ്ങളില്‍ ഇടപെടാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മീസില്‍സില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണമെങ്കില്‍ എംഎംആര്‍ വാക്‌സിന്റെ രണ്ടു ഡോസ് കുട്ടികള്‍ക്ക് ലഭിക്കണം. വിവാദമായ ഈ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ച കുട്ടികളുടെ എണ്ണം 2016-17ല്‍ 95 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡോസിനായി എത്തിയവര്‍ 88 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരുന്നത് 95 ശതമാനത്തിന്റെ ലക്ഷ്യമായിരുന്നു. 2017ല്‍ ഇംഗ്ലണ്ടില്‍ മാത്രം 259 പേര്‍ക്ക് മീസില്‍സ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 966 ആയി കുതിച്ചുയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
Leave a Reply