സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.
1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.
ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.
ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.
കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.
1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.
Leave a Reply