സ്ഥിരമായി പുറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവിനെ സഹികെട്ട് വടിയെടുത്ത് പൊതിരെ തല്ലി പെൺകുട്ടി. പെൺകുട്ടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ മീററ്റിലേതാണ് ദൃശ്യങ്ങൾ. നിരവധി പേരാണ് പെൺകുട്ടിക്ക് പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോയിൽ വടി കൊണ്ട് യുവാവിനെ പൊതിരെ തല്ലുന്ന പെൺകുട്ടിയെയാണ് കാണാനാവുക. എന്ത് ധൈര്യമുണ്ട് നിനക്ക് ഞങ്ങളെ ഇത്തരത്തിൽ ഉപദ്രവിക്കാൻ എന്നും പെൺകുട്ടി അയാളോട് ചോദിക്കുന്നുണ്ട്. അടികൊണ്ട വേദനയിൽ യുവാവ് പെൺകുട്ടിയോട് മാപ്പ് പറയുന്നതും കാണാം.
വീഡിയോ പ്രചരിച്ചതോടെ യുവാവിനെ കണ്ടെത്തി പെൺകുട്ടികളുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്ന് മീററ്റ് സിറ്റി എസ്പി വ്യക്തമാക്കി. മീററ്റിലെ സർദാർ എന്ന സ്ഥലത്ത് വെച്ച് സ്‌കൂളിലേക്ക് പോകുന്ന പെൺകുട്ടിയേയും സുഹൃത്തിനെയും യുവാവ് പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.
സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് യുവാവ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നത്. ഇരുവരോടും ഫോൺ നമ്പർ ചോദിക്കുന്നതും ഇയാളുടെ പതിവാണ്. ഇത് സ്ഥിരമായതിനെ തുടർന്നാണ് പെൺകുട്ടി യുവാവിനെ വടി ഉപയോഗിച്ച് തല്ലിയത്.
Leave a Reply