ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികളെ സ്കൂളിൽ അയക്കുന്നതിനുള്ള ചിലവ് വഹിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാ സ്കൂൾ യൂണിഫോമുകളും നികുതി രഹിതമായിരിക്കണമെന്ന ആവശ്യവുമായി പ്രചാരണ സംഘം. കുട്ടിക്ക് 14 വയസ്സ് തികയുമ്പോൾ മാത്രമേ നികുതി ബാധകമാവുകയുള്ളൂവെങ്കിലും ഇംഗ്ലണ്ടിലെ കുടുംബങ്ങൾ സ്കൂൾ യൂണിഫോമുകളിൽ 9 മില്യൺ പൗണ്ട് വാറ്റ് ( വാല്യൂ ആഡഡ് ടാക്സ് ) അടയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 3,456 സെക്കൻഡറി സ്കൂളുകളിൽ ഓരോന്നിലും ഇത് ശരാശരി 2,604 പൗണ്ടാണെന്ന് സ്കൂൾ അസോസിയേഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. 1973 മുതൽ, യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾക്ക് അനുസൃതമായി, കൊച്ചുകുട്ടികൾക്കുള്ള വസ്ത്രവും ഷൂസും നികുതി രഹിതമാണ്. എന്നാൽ 14 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളും വലിയ വസ്ത്രങ്ങളും മുഴുവൻ 20% വാറ്റിന് വിധേയമാണ്. സ്കൂൾ യൂണിഫോം വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനർത്ഥം കുട്ടിക്ക് ഉയരക്കൂടുതലോ വലിയ വലിപ്പമുള്ള വസ്ത്രങ്ങളോ ആവശ്യമായി വന്നാൽ വാങ്ങിയ യൂണിഫോമിന് നികുതി നൽകേണ്ടിവരും.
സ്കൂൾ യൂണിഫോമുകളിലെ വാറ്റ് നിർത്തലാക്കുന്നത് കുടുംബങ്ങൾക്ക് യൂണിഫോമിന്റെ വില താങ്ങാൻ സഹായിക്കുമെന്നും, ഒരു ശരാശരി രക്ഷിതാവ് അവരുടെ കുട്ടിയെ സ്കൂളിൽ അയക്കാൻ 90 പൗണ്ട് നൽകേണ്ടി വരുന്നുവെന്നും സ്കൂൾവെയർ അസോസിയേഷൻ പറഞ്ഞു. വർഷത്തിൽ 195 ദിവസം യൂണിഫോമിൽ ചിലവഴിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച മൂല്യമുള്ള സ്കൂൾ യൂണിഫോം നൽകാൻ സ്കൂൾവെയർ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് മാത്യു ഈസ്റ്റർ പറഞ്ഞു. എന്നാൽ നിലവിലുള്ള നികുതി സമ്പ്രദായം ചില കുടുംബങ്ങളെ ബാധിക്കുന്നുണ്ട്. വാറ്റ് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി യുകെക്ക് ഇപ്പോൾ ബന്ധമില്ലാത്തതിനാൽ, രാജ്യമെമ്പാടുമുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂൾ യൂണിഫോമുകൾ നികുതി രഹിതമായി നൽകാൻ സർക്കാരിന് ഒരവസരം ഒരുങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു വ്യാവസായിക സംഘടന എന്ന നിലയിൽ, വാറ്റ് വെട്ടിക്കുറവിൽ നിന്നുള്ള പണം നേരിട്ട് കുടുംബങ്ങളിലേയ്ക്ക് കൈമാറാൻ ഞങ്ങൾ പരസ്യമായി പ്രതിജ്ഞാബദ്ധരാണ്. കൂടാതെ നയങ്ങൾ കഴിയുന്നത്ര ആനുപാതികവും ന്യായയുക്തവുമാണെന്ന് ഉറപ്പാക്കാൻ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും.” ഈസ്റ്റർ വ്യക്തമാക്കി. ചരക്കുകളിലേക്കും സേവനങ്ങളിലും ചേർക്കുന്ന ഒരു തരം നികുതിയാണ് വാറ്റ്. യുകെയിൽ ഇത് 20% ആണ്.
Leave a Reply