യൂട്യൂബ് ട്യൂട്ടോറിയലുകള്‍ കണ്ട് 150 പൗണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ 63,000 പൗണ്ടാക്കി മാറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥി. എഡ്വേര്‍ഡ് റിക്കറ്റ്‌സ് എന്ന 16 കാരനാണ് തന്റെ നേട്ടത്തിന് പിന്നില്‍ യൂട്യൂബും ബ്രെക്‌സിറ്റുമാണെന്ന് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് തനിക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതെന്നാണ് റിക്കറ്റ്‌സ് പറയുന്നത്. കറന്‍സികള്‍ മൂല്യമിടിയുമ്പോള്‍ അവ വാങ്ങിക്കൂട്ടുകയും പിന്നീട് മൂല്യം ഉയരുമ്പോള്‍ അവ വില്‍ക്കുകയുമായിരുന്നു റിക്കറ്റ്‌സ് ചെയ്തിരുന്നത്. ഒരു ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് ട്രേഡറെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുമുട്ടിയ റിക്കറ്റ്‌സ് അയാളില്‍ നിന്ന് ഉപദേശങ്ങള്‍ ചോദിച്ചു. എന്നാല്‍ ശരിയായ പരിശീലനമില്ലാതെ ട്രേഡിംഗ് സാധ്യമല്ലെന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി.
തിരിച്ചടിയില്‍ നിരാശനാകാതെ സ്വയം പഠിക്കാന്‍ തീരുമാനിച്ച റിക്കറ്റ്‌സ് യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ആരംഭിക്കുകയും അതിലൂടെ ട്രേഡിംഗില്‍ വൈദഗ്ദ്ധ്യം നേടുകയുമായിരുന്നു. വീട്ടിലിരുന്നു തന്നെ ഗ്ലോബല്‍ കറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെയാണ് 150 പൗണ്ട് റിക്കറ്റ്‌സ് 63,000 പൗണ്ടായി മാറ്റിയത്. ട്രെയിന്‍ സ്റ്റേഷനില്‍ ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്ത് നേടിയ 150 പൗണ്ടായിരുന്നു റിക്കറ്റ്‌സിന്റെ മൂലധനം. ടോട്ടന്‍ഹാം സ്വദേശിയായ എഡ്വേര്‍ഡ് റിക്കറ്റ്‌സ് ഇപ്പോള്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോറെക്‌സ് ട്രേഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ പ്രായത്തില്‍ ഈ മേഖലയെ ഗൗരവമായി കാണുന്ന മറ്റാരെയും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിക്കറ്റ്‌സ് പറയുന്നു.
ഫോറെക്‌സ് വിപണന രംഗത്ത് വിദഗ്ദ്ധനായി മാറിക്കഴിഞ്ഞിരിക്കുന്ന റിക്കറ്റ്‌സ് ഇപ്പോള്‍ നൂറോളം ക്ലയന്റുകളില്‍ നിന്ന് 120 പൗണ്ട് വീതം ഓരോ തവണയും ടിപ്‌സ് ആയി ഈടാക്കുന്നു. ഒരു മെഴ്‌സിഡസ് എ ക്ലാസ് വാങ്ങുന്നതിനായി 30,000 പൗണ്ട് മാറ്റിവെച്ചിരിക്കുകയാണ് റിക്കറ്റ്‌സ്. തനിക്ക് സ്വന്തമായി ഡ്രൈവ് ചെയ്യാനാകുന്ന സമയമാകുമ്പോള്‍ കാര്‍ വാങ്ങാനാണ് പദ്ധതി. തന്റെ പിതാവും സഹോദരങ്ങളുമായി അമേരിക്കയിലേക്ക് ഹോളിഡേ പോകാനും പദ്ധതിയുണ്ട്.
Leave a Reply