മെന്‍സ ഐക്യു ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യന്‍ വംശജയായ പതിനൊന്നുകാരി. സറേയിലെ സ്റ്റാന്‍വെല്ലില്‍ താമസിക്കുന്ന സ്വതന്ത്ര-നികിത ദമ്പതികളുടെ മകളായ സ്‌നേഹല്‍ വിജയ് ആണ് അമ്പരപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കാറ്റെല്‍ III B പേപ്പറില്‍ 162 സ്‌കോര്‍ നേടിയ സ്‌നേഹല്‍ വിഖ്യാത ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടെ ബുദ്ധിശക്തിയെയാണ് പിന്നിലാക്കിയിരിക്കുന്നത്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ കേവലം ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സ്‌കോര്‍ നേടാനായിട്ടുള്ളു.

മുതിര്‍ന്നവര്‍ക്ക് പരമാവധി നേടാന്‍ കഴിയുന്നത് 161 സ്‌കോര്‍ മാത്രമാണ്. കുട്ടികള്‍ക്ക് 162 വരെ നേടാന്‍ സാധിക്കുമെന്നും വിശദീകരണമുണ്ട്. സ്‌നേഹലിന്റെ പരീക്ഷാഫലം അടങ്ങിയ കത്ത് തുറന്നപ്പോള്‍ തങ്ങള്‍ അമ്പരന്നു പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗ്രാമര്‍ സ്‌കൂളായ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂള്‍ സ്‌നേഹലിന് പ്രവേശനവും നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇവിടെ സ്‌നേഹല്‍ പഠനം ആരംഭിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രീ-എന്‍ട്രി പരീക്ഷകളില്‍ സ്‌നേഹല്‍ നടത്തിയ പ്രകടനം കണ്ടതോടെയാണ് മെന്‍സ ടെസ്റ്റില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് പിതാവ് സ്വതന്ത്ര പറഞ്ഞു.

ആദ്യം സ്‌നേഹല്‍ അതിനു തയ്യാറായിരുന്നില്ല. ഒരു ഫാമിലി ട്രിപ്പിന് പോകാമെന്നും അതിനിടയ്ക്ക് രണ്ടു മണിക്കൂര്‍ ഇരുന്ന് പരീക്ഷയെഴുതിക്കോളൂ എന്നും സ്‌നേഹലിനോട് പറഞ്ഞു. അതു കഴിഞ്ഞ് ലണ്ടനില്‍ കറങ്ങാമെന്നും പറഞ്ഞു. അങ്ങനെയാണ് പരീക്ഷയെഴുതിയത്. പിന്നീട് തങ്ങള്‍ വിക്ടോറിയയില്‍ ഷോപ്പിംഗിന് പോയി. തനിക്ക് ലഭിച്ച സ്‌കോറില്‍ അമ്പരന്നു പോയതായി സ്‌നേഹലും വെളിപ്പെടുത്തി. ഇത്രയും വലിയ സ്‌കോര്‍ നേടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്ന് അമ്മ നികിതയും പറഞ്ഞു. രണ്ട് ടെസ്റ്റുകളാണ് മെന്‍സയിലുള്ളത്. ഇവയിലേതിലെങ്കിലും 148 സ്‌കോര്‍ നേടുന്നവരാണ് മെന്‍സയില്‍ അംഗമാകാന്‍ യോഗ്യത നേടുന്നത്.