ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്പെയിനിലെ മല്ലോർക്കയിലുള്ള ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മുങ്ങിത്താണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടു ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മല്ലോർക്കൻ തലസ്ഥാനമായ പാൽമയിലെ സൺ എസ്പാസസ് ആശുപത്രിയിൽ വച്ച് ബുധനാഴ്ചയോടു കൂടിയാണ് മരണം സംഭവിച്ചത്. ഫോർ സ്റ്റാർ ഹോട്ടലായ എച്ച് വൈ ബി യൂറോക്ലാസ് ഹോട്ടലിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടു കൂടിയാണ് പെൺകുട്ടിയെ മുങ്ങിത്താണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായി പോലീസ് വഴികൾ ക്ലിയർ ചെയ്തെങ്കിലും, രണ്ടുദിവസത്തിനുശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം, പെൺകുട്ടിക്ക് ലൈഫ് ഗാർഡുകൾ സിപിആർ ഉടൻ തന്നെ നൽകി. പിന്നീട് സ്ഥലത്തെത്തിയ പാരാമെഡിക്കൽ ടീം പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി.
സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായി നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ജൂൺ അഞ്ചിന് നോർത്ത് ബെൽഫാസ്റ്റിൽ നിന്നുള്ള ആറു വയസ്സുകാരൻ കോറെ ഓഗ്യ മല്ലോർക്കയിലെ റിസോർട്ടിൽ വച്ച് സ്വിമ്മിംഗ് പൂളിൽ വീണ് മരണപ്പെട്ടിരുന്നു. കഴിഞ്ഞമാസം മറ്റൊരു ബ്രിട്ടീഷ് കുട്ടിയും കോസ്റ്റ ബ്ലാങ്കയിൽ വെച്ച് ഇത്തരത്തിൽ മരണപ്പെട്ടിരുന്നു. നിലവിലെ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമായി തന്നെ നടക്കുന്നുണ്ട്. മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a Reply