സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മാസം നീണ്ടുനിന്ന ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ഇംഗ്ലണ്ടിലെ പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികൾ തിരിച്ചെത്തുന്നു എങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സർവേകൾ സൂചിപ്പിക്കുന്നത് മാതാപിതാക്കളിൽ പകുതി പേരും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂളിലേയ്ക്ക് അയക്കില്ല എന്നാണ്. 1, 6 വർഷ വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ ആദ്യം തുറന്ന് പ്രവർത്തിക്കുക. പഠനം ആരംഭിക്കുമെങ്കിലും ഒന്നും പഴേപടി ആയിരിക്കില്ല. ഡ്രോപ്പ് – ഓഫ് സമയങ്ങൾ ഒഴിവാകുന്നതോടൊപ്പം 15 പേർ അടങ്ങുന്ന ചെറിയ ഗ്രൂപ്പ് മാത്രമായിരിക്കും ഒരു ക്ലാസ്സിൽ.
1,200 സ്കൂൾ ലീഡർമാരെ അടിസ്ഥാനമാക്കി നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 46% മാതാപിതാക്കളും കുട്ടികളെ വീട്ടിൽ സൂക്ഷിക്കും എന്നാണ്. തങ്ങൾക്കോ കുടുംബത്തിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം 25% അധ്യാപകർ സ്കൂളിലേക്ക് മടങ്ങിയെത്തില്ല. സ്കൂളുകൾ തുറക്കുന്നത് ഇതുവരെ സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നത് മൂലം മാതാപിതാക്കൾക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് അവരുടെ നഷ്‌ടമായ പാഠങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ജൂൺ 15 മുതൽ 10, 12 വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കും.
അതുപോലെ തന്നെ ജൂൺ 15 മുതൽ ആരാധനാലയങ്ങൾ തുറക്കും. എങ്കിലും അത് വ്യക്തിഗത പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമായിരിക്കും. കൂട്ടം കൂടി ആരാധന നടത്താൻ കഴിയില്ല. ജൂലൈ 4 വരെ ഇങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികൾ, സിനഗോഗുകൾ, അമ്പലങ്ങൾ തുടങ്ങിയവ വ്യക്തിഗത പ്രാർത്ഥനകൾക്ക് മാത്രമായി ജൂൺ 15 മുതൽ തുറക്കാമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജൻറിക് അറിയിച്ചു. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ അവ തുറക്കാൻ ആഗ്രഹിക്കുന്നു’ എന്ന് ജെൻറിക് പറഞ്ഞു. വിശ്വാസികൾ പാടുന്നതും കൂട്ടത്തോടെ ഒത്തുചേരുന്നതും ജൂലൈ വരെ നിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വ്യക്തിഗതമോ സ്വകാര്യമോ ആയ പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങൾ തുറക്കുകയെന്നതാണ് ആദ്യത്തെ യുക്തിസഹമായ നടപടിയെന്ന് ഞാൻ കരുതുന്നു. മത നേതാക്കളുമായി ചർച്ച ചെയ്ത് പ്രവർത്തിക്കും. ” ജൻറിക്ക് അറിയിച്ചു.
Leave a Reply