ജോസിലിന്‍ തോമസ്, ഖത്തര്‍

നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നാമെല്ലാം വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തന്നെയാണ് നമ്മുടെ കുട്ടികളില്‍ പലരും പഠിക്കുന്നത്. എന്നാല്‍ ഇത്തരം സ്‌കൂളുകളില്‍ നമ്മുടെ കുട്ടികള്‍ എല്ലാരീതിയിലും സുരക്ഷിതരുമാണോയെന്ന് നമ്മളില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട്? നമ്മുടെ ഇന്ത്യയിലെ ഗുരുപുര എന്ന ജില്ലയിലും കേരളത്തിലും ഈയടുത്ത കാലത്ത് സ്‌കൂളിലയച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഒരമ്മ എന്ന നിലയില്‍ മാത്രമല്ല കുഞ്ഞുങ്ങളെ വളരെയധികം സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും ആ നിഷ്‌കളങ്ക മുഖങ്ങള്‍ ഒരിക്കലും മായാത്ത ദു:ഖമായി എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു.

നഷ്ടപ്പെട്ട ജീവന്‍ തിരിച്ച് കിട്ടുകയില്ലെന്ന് അറിയാമെങ്കിലും ഇനിയെങ്കിലും സ്‌കൂളുകളിലെ സുരക്ഷാപ്പിഴവുകള്‍ മൂലം കുഞ്ഞുങ്ങള്‍ക്ക് ഒരപകടവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മളില്‍ ഓരോരുത്തരുടെയും കടമയാണ്. അതിനായി ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുകയും അവ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ അവരുമായി സഹകരിക്കുകയും ചെയ്യുക. ഒന്നാമതായി സ്‌കൂള്‍ ബസ്സുകളില്‍ ഡ്രൈവര്‍ അല്ലാതെയുള്ള അറ്റന്റര്‍ ഒരു സ്ത്രീ ആയിരിക്കണം. അല്ലാത്തപക്ഷം ഒരു സ്ത്രീയും പുരുഷനും Attenders ആയി വേണം. കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും എണ്ണമെടുക്കുക. എല്ലാ കുട്ടികളും ഇറങ്ങിയശേഷം ഒരുവട്ടം കൂടി എല്ലാ സീറ്റുകളും ചെക്ക് ചെയ്ത് കുട്ടികള്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തുക. സാധിക്കുമെങ്കില്‍ ഇലക്ട്രോണിക് മോണിട്ടറിംഗ് സിസ്റ്റം നടപ്പിലാക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ഡ്രൈവറെയും സ്‌കൂള്‍ ടീച്ചറെയും വിവരമറിയിക്കുക. അനാവശ്യമായ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ അതുപകരിക്കും. കുട്ടികള്‍ സ്‌കൂള്‍ ബസില്‍ കയറി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാകാര്യങ്ങളും സ്‌കൂള്‍ അധികൃതരുടെ പൂര്‍ണ്ണ അറിവോടു കൂടിയായിരിക്കണം. ഉദാഹരണമായി അനുവാദമില്ലാതെ രക്ഷിതാക്കളുടെ കൂടെ പോലും സ്‌കൂളുകളില്‍ നിന്ന് പോകുവാന്‍ സാധിക്കുകയില്ലെന്ന കാര്യം രക്ഷിതാക്കളെപ്പോലെ കുട്ടികളും അറിഞ്ഞിരിക്കണം. വിദേശരാജ്യങ്ങളില്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുവാന്‍ വരുന്ന രക്ഷിതാവ് ആദ്യം കുട്ടിയെ സംബന്ധിച്ച് വിവരങ്ങള്‍ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ച് കൊടുക്കണം. ക്ലാസ് ടീച്ചേഴ്‌സും പ്രിന്‍സിപ്പലും അത് വായിച്ച് ബോദ്ധ്യപ്പെട്ട ശേഷം ടീച്ചറുടെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടിയെ രക്ഷിതാവിന്റെ ഒപ്പം അയയ്ക്കുകയുള്ളു. നമ്മുടെ കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഈ രീതി ഉണ്ടെന്ന് കരുതുക വയ്യ. അങ്ങനെയായിരുന്നെങ്കില്‍ കൊല്ലത്തെ പിഞ്ചുകുഞ്ഞിന് ആ ദുരന്തം സംഭവിക്കുകയില്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുത്തശ്ശി സ്‌കൂളില്‍ കൊണ്ടാക്കിയ കുട്ടി അസംബ്ലി കഴിഞ്ഞ് മറ്റൊരാളുടെ കൂടെ പോയത് സ്‌കൂളില്‍ ആരും അറിഞ്ഞില്ലെന്ന് പറയുന്നത് എത്ര ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത്തരം വീഴ്ചകള്‍ക്ക് വില കൊടുക്കേണ്ടി വരുന്നത് പാവം കുഞ്ഞുങ്ങള്‍ ആണെന്ന് നാം മറക്കരുത്. സ്‌കൂളുകളിലെ സി.സി.ടി.വി ക്യാമറകള്‍ വെറും കാഴ്ച വസ്തുവല്ല എന്ന് ഓരോ രക്ഷിതാവും ഉറപ്പാക്കണം. കൊച്ചുകുട്ടികളുടെ ടോയ്‌ലറ്റില്‍ വനിതാ ഹെല്‍പ്പര്‍ നിരന്തര സാന്നിധ്യമായി ഉണ്ടാകണം. ടോയ്‌ലറ്റില്‍ പോകുന്നതിന് മുന്‍പ് ടീച്ചറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന നിയമം കര്‍ശനമായി പാലിക്കപ്പെടണം. ബ്രെയ്ക്ക് സമയങ്ങളില്‍ അല്ലാതെ ടോയ്‌ലറ്റില്‍ പോകുന്ന കുഞ്ഞുങ്ങളെ വനിതാ ഹെല്‍പ്പറുടെ കൂടെ മാത്രം ടോയ്‌ലറ്റിലേക്ക് അയയ്ക്കുക. കുട്ടികളുടെ ടോയ്‌ലറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വിലക്കുക.

കുട്ടികളില്‍ തന്നെ ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഉണ്ടെന്നതിനാല്‍ അത്തരം കുട്ടികളെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ അവര്‍ക്കു ലഭ്യമാക്കേണ്ടതാണ്. കുട്ടികള്‍ പറയുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാന്‍ മാതാപിതാക്കളും അദ്ധ്യാപകരും സമയം കണ്ടെത്തണം. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഒരു പരിധിവരെ നമ്മുടെ കൈകളില്‍ തന്നെയാണ്. വീടുകളില്‍ മാത്രമല്ല, സ്‌കൂളുകളിലും അവരെ സുരക്ഷിതരാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് പരിശ്രമിക്കാം.

ജോസിലിന്‍ തോമസ്, ഖത്തര്‍