ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്ന പുതിയ മാർഗം വികസിപ്പിച്ചതിന് പിന്നാലെ അന്തരീക്ഷത്തിലെ വായുവിൽ പ്രവർത്തിക്കുന്ന കാർ വൈകാതെ വിപണിയിൽ ലഭ്യമായേക്കും. വൈദ്യുതിയും വെള്ളവും ഉപയോഗിച്ച് ഇലക്ട്രോലൈസർ ഉല്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ആയിരിക്കും ഇന്ധനമായി ഉപയോഗിക്കുക. എന്നാൽ നിലവിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ചില അപൂർവ്വ ലോഹങ്ങളും, ശുദ്ധജലവും ആവശ്യമാണ്. ശുദ്ധജലത്തിന് ക്ഷാമമുള്ള സാഹചര്യത്തിൽ ഇത് ഒരു വെല്ലുവിളിയാണ്. എന്നാൽ ശാസ്ത്രജ്ഞർ തയ്യാറാക്കിയ പുതിയ പ്രോട്ടോടൈപ്പ് ദ്രാവകജലത്തിന് പകരം ഈർപ്പമുള്ള വായുവിൽ ആവും പ്രവർത്തിക്കുക. ഇതുവഴി ശേഖരിച്ച ജലത്തെ ഹൈഡ്രജനും ഓക്‌സിജനും ആയി വിഭജിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജൻ വിജയകരമായി പ്രവർത്തിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
പുതിയ കണ്ടെത്തൽ വൻ വിജയമാണെന്ന് മെൽബൺ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ ലക്ചറർ ഗാങ് കെവിൻ ലി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയ്ക്ക് വായുവിൽ നിന്നും സ്വയം ഈർപ്പം വേർതിരിച്ചെടുക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രോലൈസിസ് സാധാരണ ദ്രാവക ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും ശേഖരിക്കാനാണ് ഉപയോഗിക്കുന്നത്.രണ്ട് ഇലക്‌ട്രോഡുകൾ വെള്ളത്തിൽ സ്ഥാപിച്ച് അതിലൂടെ വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഇത് പ്രവർത്തിക്കുക.
Leave a Reply