ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 3.8 ശതമാനം ആളുകൾ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത് ഏകദേശം 280 ദശലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങൾ, ശാരീരിക അസ്വാസ്ഥ്യം, സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ വിഷാദരോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, അതിന് ഒരു ജനിതക ഘടകവുമുണ്ട്. വിഷാദരോഗം മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിഷാദരോഗങ്ങൾക്ക് കാരണമാകുന്ന 300 ജനതക ഘടകങ്ങളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എഡിൻബർഗ് സർവകലാശാലയുടെയും കിംഗ്സ് കോളേജ് ലണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ആണ് സുപ്രധാന കണ്ടെത്തൽ നടത്തിയത്. 29 രാജ്യങ്ങളിലെ 5 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് വിഷാദ രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളെ വിശകലനം ചെയ്തത്. പഠനത്തിൽ ഉൾപ്പെടുത്തിയ നാലിൽ ഒരാൾ യൂറോപ്യൻ ഇതര പൂർവികരിൽ നിന്നുള്ളവരാണ്.


നേരത്തെ നടത്തിയ ഇത്തരം പഠനത്തിൽ കൂടുതലായും വെള്ളക്കാരെയും സാധാരണ വിഭാഗത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തിയായിരുന്നു. എന്നാൽ പുതിയ പഠനത്തിൽ കൂടുതൽ വൈവിധ്യമാർന്ന ജനവിഭാഗത്തെ ഉൾപ്പെടുത്തിയതാണ് പുതിയ ജനിതക ഘടകങ്ങളെ തിരിച്ചറിയുന്നതിന് വഴിവെച്ചത്. സെൽ എന്ന ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൽ വിഷാദരോഗം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ജനിതക കേസിലെ 700 വ്യത്യാസങ്ങൾ കണ്ടെത്തിയത് സുപ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കൻ, കിഴക്കൻ ഏഷ്യൻ, ഹിസ്പാനിക്, ദക്ഷിണേഷ്യൻ വംശജരായ ആളുകളെ പഠനത്തിൽ ഉൾപ്പെടുത്തിയതിനാൽ മുമ്പ് അറിയപ്പെടാത്ത 100 ജനിതക വ്യത്യാസങ്ങൾ പ്രത്യേകമായി തിരിച്ചറിഞ്ഞു. വിഷാദരോഗങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ ചികിത്സാ രീതിയിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ എഡിൻബർഗ് സർവകലാശാലയിലെ സെന്റർ ഫോർ ക്ലിനിക്കൽ ബ്രെയിൻ സയൻസസിൽ നിന്നുള്ള പ്രൊഫസർ ആൻഡ്രൂ മക്കിന്റോഷ് പറഞ്ഞു.