ന്യൂസ് ഡെസ്ക് മലയാളം യുകെ

ജർമ്മനി :- അസ്ട്രാസെനെക്ക, ജോൺസൻ & ജോൺസൻ എന്നീ വാക്സിനുകൾ എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുന്നതിന് പരിഹാരം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജർമൻ ഗവേഷകരാണ് ബുധനാഴ്ച ഇക്കാര്യം പുറത്ത് വിട്ടത്. നിലവിലുള്ള വാക്സിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത് സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഈ രണ്ട് വാക്സിനുകളും എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഉണ്ടായിരുന്നു.


യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 21 വരെ അസ്ട്രാസെനെക്ക വാക്സിൻ എടുത്തവരിൽ 209 പേർക്കാണ് ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന കേസ് റിപ്പോർട്ട് ചെയ്തത്. വാക്സിൻ എടുത്തതിനുശേഷം ഇങ്ങനെയുള്ളവരിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുകയാണ് ചെയ്യുന്നത്.ഇവരിൽ 41 പേർ മരണപ്പെടുകയും ചെയ്തു. ഇങ്ങനെ രക്തം കട്ടപിടിക്കുന്ന അവസ്ഥ വന്നവരിൽ മുക്കാൽപങ്കും 40 വയസ്സിനു താഴെയുള്ളവരാണ്.


ഇത്തരത്തിൽ വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ& ജോൺസൺ വാക്സിൻ യൂറോപ്പിൽ നിർത്തിവച്ചിരുന്നു. എന്നാൽ മുന്നറിയിപ്പോടുകൂടി കമ്പനി ഈ വാക്സിൻ വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു പല ശാസ്ത്രജ്ഞരും ഈ പ്രശ്നത്തിനു പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ‘എം ആർഎൻ എ’ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് നിലവിലെ കണ്ടെത്തൽ. ഫൈസർ, മോഡേണ തുടങ്ങിയ വാക്സിനുകൾ ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളതാണ്. കൂടുതൽ പരിഹാരനിർദ്ദേശങ്ങൾ തങ്ങൾ സ്വീകരിക്കുന്നതിന് തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അധികൃതരും അറിയിച്ചിട്ടുണ്ട്.