വിശാഖ് എസ് രാജ്‌

യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.

വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .

ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.