ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഡയാന രാജകുമാരിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്യേണ്ടി വന്നതായി സ് കോട്ട്‌ലൻഡ് യാർഡ് ചീഫിന്റെ പുതിയ വെളിപ്പെടുത്തൽ. സ് കോട്ട്ലൻഡ് യാർഡിന്റെ മുൻ മേധാവിയായിരുന്ന ലോർഡ് സ്റ്റീവൻസ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 1997 ലാണ് ഡയാന രാജകുമാരി കാർ ക്രാഷിൽ മരണപ്പെട്ടത്. മരണത്തിനു മുൻപ് ഡയാന എഴുതിയ കുറിപ്പിൽ, ബ്രേക്ക് ഫെയില്യർ മൂലം തന്റെ മരണമുണ്ടാകുമെന്നും ചാൾസ് രാജകുമാരന് തന്റെ മക്കളുടെ കെയർടേക്കർ ആയിരുന്ന ടിഗ്ഗി ലെഗ്ഗെ ബോർക്കിനെ വിവാഹം ചെയ്യുന്നതിനായാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. കമീലയെ ചാൾസ് രാജകുമാരൻ ഉപയോഗിക്കുകയാണെന്നും ഡയാന രാഞ്ജി തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2005 ഡിസംബർ ആറിന് സെന്റ് ജെയിംസ് പാലസിൽ വെച്ച് വളരെ രഹസ്യമായാണ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ് കോട്ട്‌ലൻഡ്‌യാർഡ് ചീഫ് വ്യക്തമാക്കുന്നു.
സംശയിക്കപ്പെടുന്ന ആൾ എന്നതിനേക്കാൾ ഉപരിയായി ദൃക്സാക്ഷി എന്ന നിലയിലാണ് രാജകുമാരനെ ചോദ്യംചെയ്തത്. എന്നാൽ തന്റെ മുൻഭാര്യ എന്തിന് ഇത്തരത്തിൽ ഒരു കത്ത് എഴുതി എന്നുള്ളത് രാജകുമാരനും അവ്യക്തമായിരുന്നു. 1995 ൽ കെട്ടിച്ചമച്ച ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഡയാനയുമായി അഭിമുഖം നടത്തിയ ബിബിസി റിപ്പോർട്ടർ മാർട്ടിൻ ബഷീർ ഡയാന രാജകുമാരിയുടെ മനസ്സിൽ തന്റെ സുരക്ഷയെക്കുറിച്ച് ഭയത്തിന്റെ വിത്തുകൾ പാകിയതാകാം ഇത്തരത്തിലൊരു കത്തിന് കാരണമായതെന്ന് ലോർഡ് സ്റ്റീവൻസ് വ്യക്തമാക്കുന്നു.
എന്നാൽ തങ്ങളുടെ അന്വേഷണ സമയത്ത് മാർട്ടിൻ ബഷീറിനെ ചോദ്യം ചെയ്യുവാൻ തങ്ങൾക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡയാനയുടെ മരണത്തെ സംബന്ധിച്ച് മെയിൽ പത്രം നടത്തുന്ന അന്വേഷണ സീരിസിന്റെ ഭാഗമായാണ് ലോർഡ് സ്റ്റീവൻസിന്റെ ഇന്റർവ്യൂ പുറത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഡയാനയുടെ ചികിത്സ നടത്തിയ മെഡിക്കൽ ടീമിലെ ഫ്രഞ്ച് സർജനുമായുള്ള അഭിമുഖവും ഇതിലുണ്ട്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply