ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബഹാമസ് : ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച സ്കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി (90) അന്തരിച്ചു. അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ കോണറിയുടെ വിടവാങ്ങൽ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ബഹമാസിൽ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷോൺ കോണറിയാണ്. ഡോക്ടർ നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ. ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1988 ൽ ‘ദി അൺടച്ചബിൾസ്’ എന്ന ചിത്രത്തിൽ ഐറിഷ് പോലീസുകാരനായി വേഷമിട്ട ഷോൺ ആ വർഷത്തെ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയിരുന്നു. ഓസ്‌കാറിന് പുറമെ ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ചു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി, ‘ദ റോക്ക്’ എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ ഭാവപ്രകടനത്തോടെ സ്ക്രീനിൽ നിറഞ്ഞുനിന്നു. ഒട്ടേറെ ആനിമേഷൻ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി ലോകസിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

എഡിൻ‌ബറയിലെ ചേരികളിൽ ദാരിദ്ര്യത്തിനു സമാനമായ സാഹചര്യങ്ങളിലാണ് കോണറി വളർന്നത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുൻപ് പാൽ വിൽപനക്കാരൻ, ലൈഫ് ഗാർഡ്, ശവപ്പെട്ടിക്കടയിലെ ജീവനക്കാരൻ തുടങ്ങിയ തൊഴിലുകൾ അദ്ദേഹം ചെയ്തു. ബോഡി ബിൽഡിങ് ചെയ്തിരുന്ന അദ്ദേഹത്തിന് അത് സിനിമയിലെത്തുന്നതിന് സഹായകരമായി. 1989 ൽ പീപ്പിൾ മാഗസിൻ അദ്ദേഹത്തെ “ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യൻ” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. 2003 ൽ ഇറങ്ങിയ ദ ലീഗ് ഓഫ് എക്സ്ട്രാഓർഡിനറി ജെന്റിൽമെൻ ആയിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രത്തിന്റെ സംവിധായകനുമായുള്ള തർക്കത്തെത്തുടർന്ന് കോണറി സിനിമകളിൽ നിന്ന് വിരമിക്കുകയായിരുന്നു. ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിൽ ആരാധകർ ഇനിയദ്ദേഹത്തെ മനസിലേറ്റും.