സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.

2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്,  ഡയാന്‍.

എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.

അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.

അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.