ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തുർക്കിയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. സിറിയയുടെ വടക്കന്‍ ഭാഗത്തും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 1500 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. തുര്‍ക്കിയിലെ ഏഴ് പ്രവിശ്യകളിലായി 912 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിറിയയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 320 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറിൽ ഏറെ പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 147 മരണവുമുണ്ടായി. 340 പേര്‍ക്ക് ഇവിടെ പരിക്കേറ്റതായാണ് കണക്ക്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്.

അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.