ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് ബർമിങ്ഹാം ബെഥേൽ സെന്റർ . അഭിവന്ദ്യ പിതാക്കന്മാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ മുൻപെന്നപോലെ വൻ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടക്കുന്നു.
വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസികൾ കോച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കൺവെൻഷൻ സെന്ററിൽ എത്തിച്ചേരും . എന്നാൽ ദിവസങ്ങൾക്കുമുമ്പേ ബെഥേലിലെ മുഴുവൻ സീറ്റുകളിലേക്കും മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയായതിനാൽ മറ്റുള്ളവർക്കായി ശുശ്രൂഷകൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും .
സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക് പേജുകളിൽ കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .
ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ് .
അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ , തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ, തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോൺ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി. തുടങ്ങിയ നിരവധി അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . കർദ്ദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും സെഹിയോനിൽ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട് .
ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത് .
സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ അതിനായി മാധ്യസ്ഥം തേടി യുകെ യുടെ വിവിധ ദേശങ്ങളിൽ നടന്നുവന്ന പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . കൺവെൻഷനൊരുക്കമായുള്ള പ്രത്യേക കാലെബ് ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു . കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷൻ പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . മോൺസിഞ്ഞോർ മാർക്ക് ക്രിസ്പ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ് .
അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക് ;
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
Leave a Reply