ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്ക് ആലിംഗനം ചെയ്യാനും, ഷെയ്ക്ക് ഹാൻഡ് നൽകാനും ഹൈ ഫൈവിങ് നൽകാനും നിരോധനമെർപ്പെടുത്തി സ്കൂൾ അധികൃതർ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മോസ്സെലി ഹോളിലിൻസ് ഹൈസ്കൂളിലാണ് സംഭവം. ഇതേത്തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തിയതോടെ സംഭവം വിവാദമായി. മറ്റൊരു വിദ്യാർഥിയെ യാതൊരു കാരണവശാലും തൊടരുത് എന്നാണ് സ്കൂൾ ന്യൂസ് ലെറ്ററിലൂടെ പ്രിൻസിപ്പൽ ആൻഡ്രിയ ദിൻ അറിയിച്ചത്. ഇതിനു പിന്നാലെ വിദ്യാർഥികളിൽ പലരും പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു. അടുത്തിരിക്കുന്ന സുഹൃത്തിന് വേദനിച്ചാൽ, അവരെ ചേർത്തുപിടിക്കാൻ അധ്യാപകരുടെ അനുവാദം ചോദിക്കേണ്ടി വരുന്നത് ന്യായമല്ല എന്നായിരുന്നു ഒരു വിദ്യാർത്ഥി കുറിച്ചത്.

854 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരമൊരു തീരുമാനം എടുത്തത് പൊതു സമൂഹത്തെയും ചൊടിപ്പിച്ചു. ഇത്തരമൊരു തീരുമാനത്തിലൂടെ വിദ്യാർഥികളെ യന്ത്രമനുഷ്യന്മാരാക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ ഈ തീരുമാനം വിദ്യാർത്ഥികളെ പരസ്പരം ബഹുമാനമുള്ള നല്ല പൗരന്മാരാക്കുമെന്നും സ്കൂൾ സംസ്കാരം മെച്ചപ്പടുമെന്നും സ്കൂൾ അധികൃതർ വാദിച്ചു.

 

പൂർവവിദ്യാർത്ഥികളും തങ്ങളുടെ കാഴ്ചപ്പാടുകളുമായി രംഗത്തെത്തി. ഈ വിവാദ നീക്കത്തെ ആരും പിന്തുണക്കില്ലെന്ന് സമൂഹ മാധ്യമ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ സമ്മർദ്ദം നൽകും, ഇതവരെ ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നവരാക്കും എന്നുള്ള അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. സ്കൂൾ അധികൃതർക്ക് നേരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്.