ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്‌സ്. പാന്‍ഡോറ പേപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യക്കാരായ 300 പേരും ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോർദാൻ രാജാവ് യുകെ, യുഎസ് രാജ്യങ്ങളിൽ രഹസ്യമായി 70 മില്യൺ സ്വത്ത് സമ്പാദിച്ചതായി പറയുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും ലണ്ടൻ ഓഫീസ് വാങ്ങിയപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 312,000 പൗണ്ട് തട്ടിച്ചുവെന്നും പേപ്പർ വെളിപ്പെടുത്തുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മൊണാക്കോയിലെ രഹസ്യ സ്വത്തുക്കൾ, ഫ്രാൻസിൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിസ് സ്വന്തമാക്കിയ 12 മില്യൺ പൗണ്ടിന്റെ വില്ലകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പുറത്തുവന്നു. ഫിൻസെൻ ഫയലുകൾ, പാരഡൈസ് പേപ്പറുകൾ, പനാമ പേപ്പറുകൾ, ലക്സ് ലീക്സ് എന്നിവയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പാന്‍ഡോറ പേപ്പേഴ്‌സ് എത്തുന്നത്. ഈ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, പനാമ, ബെലിസ്, സൈപ്രസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളും ഫയലുകളും സംയുക്ത അന്വേഷണത്തിലൂടെ ബിബിസി, ഗാർഡിയൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. യുകെയിൽ രഹസ്യമായി വസ്തു വാങ്ങാൻ പ്രമുഖരും സമ്പന്നരും നിയമപരമായി കമ്പനികൾ സ്ഥാപിക്കുന്നുവെന്ന് പേപ്പർ വെളിപ്പെടുത്തി. വാങ്ങലുകൾക്ക് പിന്നിലുള്ള 95,000 ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ ഉടമകളുടെ വിവരങ്ങളും ഇതിലുണ്ട്. ജോർദാൻ രാജാവ് രഹസ്യമായി മാലിബുവിലും വാഷിംഗ്ടൺ ഡിസിയിലും ആഡംബര വീടുകളും ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും എട്ട് വസ്തുവകകളും സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി അഴിമതി ആരോപണങ്ങൾ നേരിടുന്ന അസർബൈജാനിലെ ഭരണകക്ഷിയായ അലിയേവ് കുടുംബം, ഓഫ്‌ഷോർ നെറ്റ്‌വർക്ക് നിർമിച്ചിട്ടുണ്ട്. 400 മില്യൺ പൗണ്ടിലധികം വരുന്ന ബ്രിട്ടനിലെ വസ്തു ഇടപാടുകളിൽ അലിയേവ് കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ യുകെ സർക്കാരിനും വരും ദിവസങ്ങളിൽ വലിയ തലവേദന സൃഷ്ടിക്കും.
Leave a Reply