ന്യൂസ്‌ ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.