ന്യൂഡൽഹി∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യ സ്ഥിതി മോശമായത്.
ട്രബിൾ ഷൂട്ടർ, ക്രൈസിസ് മാനേജർ. മാധ്യമങ്ങൾ ചാർത്തി കൊടുത്ത വിശേഷണങ്ങൾക്കപ്പുറമാണ് അഹമ്മദ് പട്ടേൽ. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേൽ യുപിഎ സർക്കാർ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.
പകൽ മുഴുവൻ സർക്കാർ കാര്യം, രാത്രി സംഘടനാകാര്യം. രാജീവ്ഗാന്ധിയുടെ ഈ ശൈലി അടിമുടി പകർത്തിയ നേതാവായിരുന്നു പട്ടേൽ. തനിക്കു മുമ്പിലെത്തുന്ന പ്രശ്നങ്ങളും തര്‍ക്കങ്ങളും സോണിയാഗാന്ധി മദര്‍തെരേസ ക്രസന്റിലെ 23–ാം വസതിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പതിവ്. അവിടെ പരിഹാരം. തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കില്ല പട്ടേല്‍. കാതുകൂർപ്പിച്ച് രണ്ട് ഭാഗവും കേട്ട് മുറിവുകൾക്ക് സ്വയം ഉണങ്ങാൻ സമയം നല്‍കും.
ഏത് ചുമതലയും ബഹളങ്ങളില്ലാതെ ഭംഗിയായി നിര്‍വഹിക്കും. നെഹ്‍റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മാരകം നിര്‍മിക്കുന്നത് ഇഴഞ്ഞുനീങ്ങിയപ്പോള്‍ രാജീവ് ഗാന്ധി പട്ടേലിനെ ചുമതലേല്‍പ്പിച്ചു. ക്രിക്കറ്റ് ഏകദിന മല്‍സരങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ഒറ്റവര്‍ഷം കൊണ്ടു ഡല്‍ഹിയിലെ ജവഹര്‍ഭവന്‍ നിര്‍മിച്ചു.
ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ ജനതാ തരംഗത്തിനിടയിലും 28–ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഗുജറാത്ത് വിട്ട് തട്ടകം ഡല്‍ഹിയാക്കി. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. അതോടെ പാര്‍ലമെന്റിലേക്കുള്ള വഴി രാജ്യസഭയിലൂടെയാക്കി. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല. രാഹുൽ യുഗത്തിൽ ഒതുക്കപ്പെട്ടെങ്കിലും രാജസ്ഥാനിൽ അടക്കം പ്രതിസന്ധി ഉണ്ടായപ്പോൾ ഹൈക്കമാൻഡ് ആശ്രയിച്ചത് ആ പഴയ പട്ടേലിനെ തന്നെ. ആ വിജയമന്ത്രം പട്ടേൽ ആർക്കും ഓതി കൊടുത്തിട്ടില്ലെങ്കിൽ വരും നാളുകളിൽ ഈ വലിയ വിടവ് കോൺഗ്രസ് നന്നായി തിരിച്ചറിയും.
Leave a Reply