തീവ്ര ഹിന്ദുത്വവാദത്തിൻറെ വിമർശകയായ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകിട്ട് 6.30ന് ഗൗരിയുടെ വീടിന്റെ കോളിംഗ് ബെൽ അടിച്ച അക്രമി, വാതിൽ തുറന്ന ഗൗരിക്കു നേർക്കു വെടിയുതിർക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. നെഞ്ചിൽ വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി. വലതുപക്ഷ രാഷ്ട്രീയത്തിനു നേർക്ക് ഗൗരി സ്ഥിരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.
അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. നവംബർ 28ന് 2008ൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട രണ്ട് മാനനഷ്ടക്കേസുകളിൽ കർണാടകയിലെ ഹുബ്ബാളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. കേസിൽ ആറ് മാസം തടവും 10,000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെത്തുടർന്ന് ഗൗരി സമർപ്പിച്ച ഹർജിയിൽ കോടതി ജാമ്യം അനുവദിച്ചു. താൻ പുലർത്തുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കെതിരെ ബിജെപിക്കാർ കേസു കൊടുത്തതെന്ന് ഗൗരി ലങ്കേഷ് ആരോപിച്ചിരുന്നു. ഗൗരി സ്ഥാപിച്ച പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച ചടങ്ങിലാണ് പ്രമുഖ പുരോഗമ ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റർക്കെതിരെ തീവ്രവലതുപക്ഷ വാദികൾ മഷി പ്രയോഗം നടത്തിയത്.
Leave a Reply