ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുകെയിലെ അടിസ്ഥാന സൗകര്യങ്ങളിലെ ചൈനീസ് നിക്ഷേപം പുനഃപരിശോധിക്കണമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ബീജിംഗുമായുള്ള സൗഹൃദം ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പിൽ മുതിർന്ന നേതാക്കൾ പറഞ്ഞു.
ചൈനീസ് ഉടമകളായ ജിൻഗ്യേയിൽ നിന്ന് ബ്രിട്ടീഷ് സ്റ്റീലിന്റെ നിയന്ത്രണം പാർലമെന്റിന്റെ അടിയന്തിര യോഗത്തിൽ നിയമം പാസാക്കി സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് കമ്പനിക്കെതിരെ അഭിപ്രായപ്രകടനവുമായി മുതിർന്ന നേതാക്കൾ രംഗത്ത് വന്നത്. ചൈനയും യുകെയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് ബ്രിട്ടീഷ് സ്റ്റീൽ ഏറ്റെടുക്കുന്ന നടപടി ഒരു കല്ലുകടിയായി വളരെ നാൾ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ തകർച്ച ഒറ്റപ്പെട്ട സംഭവമാണെന്ന് ഡൗണിംഗ് സ്ട്രീറ്റും ട്രഷറിയും പറഞ്ഞെങ്കിലും വിരുദ്ധമായ അഭിപ്രായങ്ങൾ സർക്കാർ തലത്തിൽ തന്നെ ഉയർന്നുവന്നു എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിലെ പ്രശ്നങ്ങൾ മന:പൂർവ്വമായ ചൈനീസ് അട്ടിമറിയാണെന്നത് തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് അഭിപ്രായപ്പെട്ടത്.
സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ ചൈനയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നേടാനുള്ള സർക്കാരിൻറെ സമീപനത്തിന് ശക്തമായ എതിർപ്പ് സമീപഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയാകേണ്ട എല്ലാ ചൈനീസ് കമ്പനികളുടെയും സുരക്ഷാ അവലോകനം അടിയന്തിരമായി നടത്തണമെന്ന് ലേബർ പാർട്ടിയിലെ സഹപ്രവർത്തകയും ഇന്റർ-പാർലമെന്ററി അലയൻസ് ഓൺ ചൈനയുടെ (ഐപാക്) സഹ-അധ്യക്ഷയുമായ ഹെലീന കെന്നഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും താക്കോലുകൾ ആർക്കാണ് നൽകുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഇപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു . ചൈനയിൽ നിന്ന് വരുന്ന ഏതൊരു നിക്ഷേപത്തിലും നമ്മൾ കൂടുതൽ ശ്രദ്ധയോടെ നിയമം നടപ്പിലാക്കണം എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചൈന സെന്ററിലെ അസോസിയേറ്റായ ജോർജ്ജ് മാഗ്നസ് പറഞ്ഞു.
Leave a Reply