കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി പുറത്തേക്ക്. 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന ചാൾസ് ശോഭരാജിനെ പ്രായം പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതിയാണ് മോചിപ്പിക്കുന്നത്. ജയിൽ മോചിതനാക്കി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നാട്ടിലേക്ക് തിരികെ അയക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. 2003 മുതൽ നേപ്പാളിലെ കാഠ്മണ്ഡു ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.
വിനോദസഞ്ചാരികളായ അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ഉൾപ്പടെ മൊത്തം 21 വർഷത്തെ തടവാണ് കോടതി ചാൾസ് ശോഭരാജിന് വിധിച്ചിരുന്നത്.
1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിയുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ചാൾസ് ശോഭരാജ് കൊലപ്പെടുത്തിയത്. ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിനെ ആദ്യമൊക്കെ അറിയപ്പെട്ടിരുന്നത്. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാവുന്നത്. പക്ഷെ പിന്നീട് അയാൾ ജയിൽചാടുകയായിരുന്നു.
പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിൽ പ്രാവീണ്യം നേടിയ ചാള്‍സ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്ക് ചെന്നെത്തിച്ചു.
1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെടുകയുണ്ടായി. ഒരുമാസത്തിനു ശേഷം പിന്നെ പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അങ്ങനെ ശോഭരാജ് വീണ്ടും ജയിലിലാവുകയായിരുന്നു. നേപ്പാളിൽ നടന്ന ഒരു കൊലപാതക കുറ്റം കൂടി ശോഭരാജിന് മേൽ തുടർന്ന് ചുമത്തപ്പെട്ടു. ഈ പ്രായത്തിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണ ശോഭരാജിന്റെ പേരിൽ നടക്കുകയാണ്.
Leave a Reply