ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് സേനയെ സഹായിച്ച ഏകദേശം 19,000 അഫ്ഗാനി സ്വദേശികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കടുത്ത വിമർശനങ്ങൾ നേരിട്ട് മുൻ കൺസർവേറ്റീവ് മന്ത്രിമാർ. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ യുകെയിലേക്ക് മാറാൻ ആഗ്രഹിച്ച ആളുകളുടെ പേരുകൾ ചോർന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഈമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.
2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡേറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. മുൻ കൺസർവേറ്റീവ് സർക്കാരാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നാലെ ഇത് മറച്ച് വയ്ക്കാൻ സർക്കാർ ഒരു സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്‌തു. സൂപ്പർ-ഇൻജക്ഷൻ മൂലം വിവരങ്ങൾ ചോർന്നതായോ കോടതിയിൽ നിന്ന് സർക്കാർ സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടിയതായോ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഒരു അവലോകനത്തിന് ശേഷം ഹൈ കോർട്ട് ഈ ഉത്തരവ് പിൻവലിച്ചു.
മുൻ സർക്കാരിന്റെ നടത്തിപ്പിൽ ഉള്ള ഗുരുതര വീഴ്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറയുന്നു. സൂക്ഷിക്കേണ്ടിയിരുന്ന വിവരങ്ങൾ എങ്ങനെയാണ് പുറത്തായതെന്ന് മുൻ കൺസർവേറ്റീവ് മന്ത്രിമാർ വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവ ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന്, ഒമ്പത് മാസങ്ങൾക്ക് ഉള്ളിൽ സർക്കാർ ഇവരെ യുകെയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ, ഈ പദ്ധതിയുടെ ഭാഗമായി 4,500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയിരിക്കുന്നത്. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് യുകെ സർക്കാരിന് 400 മില്യൺ പൗണ്ടാണ് ചിലവായത്. ഇനിയും 400 മില്യൺ പൗണ്ട് കൂടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോർന്ന പട്ടികയിൽ നിന്നുള്ള ഏകദേശം 600 അഫ്ഗാൻ സൈനികരും 1,800 കുടുംബാംഗങ്ങളും ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Leave a Reply