സ്റ്റീവനേജ്: സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നിറഞ്ഞു കവിഞ്ഞ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ മഴവിൽ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ സാക്ഷി നിറുത്തി സ്റ്റീവനേജിലെ വെൽവിനിൽ അരങ്ങേറിയ സംഗീത-നൃത്തോത്സവത്തെ സദസ്സ് വരവേറ്റത് ഗംഭീരമായ കലാ വിരുന്നിനും , ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പത്തരവരെ നീണ്ടു നിന്നു.
സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ സംഗീതോത്സവ വേദി സന്ദർശിക്കുകയും, പരിപാടികൾ കുറച്ചു നേരം ആസ്വദിക്കുകയും ചെയ്ത ശേഷം ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിക്കുകയും ചെയ്തത് സംഘാടകർക്കുള്ള പ്രോത്സാഹനമായി.യു കെ യിലെ ആദ്യകാല ചെണ്ട മേള ടീമും, നിരവധിയായ വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുമുള്ള ‘സർഗ്ഗ താളം’ സ്റ്റീവനേജ് വേദിയിൽ തകർത്താടിയ ‘ശിങ്കാരി മേളം’ സംഗീതോത്സവത്തിലെ ഹൈലൈറ്റായി. ജോണി കല്ലടാന്തി, ഷെർവിൻ ഷാജി, സോയിമോൻ അടക്കം പ്രഗത്ഭരായ നിരയാണ് ശിങ്കാരി മേളം നയിച്ചത്.
7 ബീറ്റ്സിന്റെ സംഗീത്തോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, ഡോ. ശിവകുമാർ ‘സ്വരം’ മാഗസിൻ പ്രകാശനം ചെയ്ത്, ഓ എൻ വി അനുസ്മരണ പ്രഭാഷണവും നടത്തി.
യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമെത്തിയ കുട്ടികൾ മുതൽ മുതിർന്നവരായ കലാ പ്രതിഭകളുടെ മികവുറ്റ കലാ പ്രകടനങ്ങൾ സംഗീതോത്സവ വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചു. ഓരോ ഇനങ്ങളും ഏറെ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും വേദിയിൽ നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കറി വില്ലേജ് ഒരുക്കിയ ഫുഡ് സ്റ്റോൾ വിഭവങ്ങൾ, ഏറെ സ്വാദിഷ്‌ടവും രുചികരവുമായി.
അറുപതോളം സംഗീത-നൃത്ത ഇനങ്ങൾ മാറ്റുരച്ച അതിസമ്പന്നമായ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ് വേദിയിൽ ലഭിച്ചത്.
സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും ഇടവേളകൾക്ക് തുടിപ്പും നൽകി ലണ്ടനിൽ നിന്നുള്ള ജിഷ്‌മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ് എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സമ്പന്നമായ സംഗീത നൃത്ത വിരുന്നും, സംഘാടക മികവും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 8 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി
*ഓ എൻ വി അനുസ്മരണ വേദിയിൽ ‘സ്വരം’ മാഗസിൻ, മെഡ്‌ലി, നൃത്തലയം സ്തുത്യുപഹാരമായി*
പത്മശ്രീ ഡോ. ഓ എൻ വി സാറിന്റെ അനുസ്മരണ വേദിയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും കവിതകളും ഫോട്ടോകളും കോർത്തിണക്കി കൗൺസിലർ ഡോ. ശിവകുമാർ തയ്യാറാക്കിയ സ്വരം മാഗസിൻ സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ഡോ. കെ ജെ യേശുദാസ്, പെരുമ്പടവം ശ്രീധരൻ,ഡോ. ജയകുമാർ ഐ എ എസ്, പ്രൊഫ. ജോർജ്ജ് ഓണക്കൂർ, അപർണ്ണാ രാജീവ്, രവി മേനോൻ അടക്കം മലയാള സാഹിത്യ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ ലേഖനങ്ങളും സ്മരണകളും ചിത്രങ്ങളും ചേർത്ത് തയ്യാറാക്കിയ ‘സ്വരം’ മാഗസിൻ ഓ എൻ വി അനുസ്മരണ വേദിയിൽ സ്തുത്യുപഹാരമായി. ‘സ്വരം’ മാഗസിന്റെ ആദ്യ ഡിജിറ്റൽ കോപ്പി ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു.
യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ യുവ യുവഗായകർ ആലപിച്ച ഓ എൻ വി യുടെ തൂലികയിൽ വിരിഞ്ഞ മധുര ‘ഗാനങ്ങൾ’ മഹാകവിക്കുള്ള സംഗീതാർച്ചനയായി. സജി ചാക്കോയുടെ നേതൃത്വത്തിൽ ഓ എൻ വി ഗാന ഈരടികൾ സമന്വയിപ്പിച്ച് ‘ടീം ലണ്ടൻ’ സമ്മാനിച്ച ‘മെഡ്ലി’ ഓ എൻ വി മാഷിന് സമർപ്പിച്ച വലിയ ആദരവും ആരാധകർക്ക് സംഗീതവിരുന്നുമായി. ഓ എൻ വി ഗാനങ്ങൾ കോർത്തിണക്കി സർഗ്ഗം സ്റ്റീവനേജ് ‘ടീൻസ്’ അവതരിപ്പിച്ച സംഘനൃത്തവും അനുസ്മരണത്തിൽ ശ്രദ്ധാഞ്ജലിയായി.
*‘ബിഹൈൻഡ്’ മൂവി ഫസ്റ്റ് ടീസർ വേദി കീഴടക്കി*
യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിൻസൺ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിർമ്മിച്ച ‘ബിഹൈൻഡ്’ മൂവിയുടെ ഫസ്റ്റ് ടീസർ റിലീസിങും സംഗീതോത്സവ വേദിയിൽ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനവും, ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആൻ ജോമോൻ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈൻഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും ചിത്രത്തിന് ഗാന സാന്ദ്രതയേകും. സെവൻ ബീറ്റ്സിന്റെ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിലും ചിത്രത്തിൽ അഭിനേതാവായി മുഖം കാണിക്കുന്നുമുണ്ട്.
*സംഗീതോത്സവ വേദിയുടെ ബഹുമതി ; ഏറ്റു വാങ്ങിയത് ഷൈനു മാത്യൂസ്, രശ്മി പ്രകാശ് അടക്കം പ്രമുഖർ*.
രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളിൽ ആർജ്ജിച്ച മികവിന്റേയും സംഭാവനകളുടെയും അംഗീകാരമായാണ് ഷൈനു ക്ലെയർ മാത്യൂസിനെ അവാർഡിനർഹയാക്കിയത്.
ലേഖനം, കവിത, നോവൽ തുടങ്ങിയ സാഹിത്യ ശാഖകളിൽ നൽകിയ മികച്ച സംഭാവനകളും, അവർ നേടിയ പാലാ നാരയണൻ നായർ പുരസ്‌ക്കാരവും പരിഗണിച്ചാണ് രശ്മി പ്രകാശ് രാജേഷിനു അവാർഡ് നൽകിയത്.
ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ ‘ചീഫ് നേഴ്സിങ് ഓഫീസർ’ എന്ന ദേശീയ എൻ എച്ച് എസ് പുരസ്ക്കാരം നേടിയതിലുള്ള അംഗീകാരമായാണ് ലിൻഡാ സർജുവിനെ അവാർഡിന് പരിഗണിച്ചത്.
നിയമ മേഖലകളിൽ പുലർത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ചാണ് മികച്ച സോളിസിറ്റർ സ്ഥാപനത്തിനുള്ള അവാർഡ് പോൾ ജോണിനെ അർഹനാക്കിയത്.
Leave a Reply