ന്യൂസ് ഡെസ്ക്, മലയാളം യുകെ

മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. എന്നാൽ കൊടുങ്കാറ്റിന്റെ ഭീകരത ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


താപനില ഉയരാൻ തുടങ്ങുമ്പോൾ മഞ്ഞ് ഉരുകുന്നതും കനത്ത മഴയും രാജ്യത്തുടനീളം ഗുരുതരമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. നോർത്ത് വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ 80 മൈൽ വേഗതയിൽ വരെ കാറ്റ് വീശിയടിച്ചതായാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റ് കാരണം ഗ്ലൗസെസ്റ്റർഷെയറിലെ M48 സെവേൺ പാലം അടച്ചു, മഞ്ഞുമൂലം A67 നും A645 നും ഇടയിൽ കൗണ്ടി ഡർഹാമിലെ A66 അടച്ചു.


സ്‌കോട്ട്‌ ലൻഡിലെ നോർത്ത് ലനാർക്ക്‌ഷെയറിലെ കാസിൽകാരിക്ക് സമീപമുള്ള എം80 ൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. അതിനിടെ വടക്ക് കിഴക്കൻ മേഖലയിൽ ശനിയാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാൽ ന്യൂകാസിൽ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. വിമാനത്താവളത്തിലെ സ്നോ ടീം തടസ്സങ്ങൾ കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ചില വിമാനങ്ങൾ ബെൽഫാസ്റ്റിലേക്കും എഡിൻബർഗിലേക്കും തിരിച്ചുവിട്ടു. ബെർട്ട് കൊടുങ്കാറ്റ് രാജ്യത്തുടനീളം യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.