ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശരാജ്യങ്ങളിൽ നിന്നുള്ള ലൈംഗിക കുറ്റവാളികൾ യുകെയിൽ അഭയം തേടുന്നത്തു വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മുൻകൈ നേടാനാണ് സർക്കാർ പുതിയ തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സർക്കാരിൻറെ കുടിയേറ്റ നയത്തെ കുറിച്ച് റീഫോം യുകെ ശക്തമായ വിമർശനം അഴിച്ചു വിട്ടിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാർ യുകെയിൽ അഭയം തേടുന്നത് നിരോധിക്കുമെന്നാണ് യെവെറ്റ് കൂപ്പർപറഞ്ഞത് . തീവ്രവാദികൾ, യുദ്ധക്കുറ്റവാളികൾ, ഒരു വർഷമോ അതിൽ കൂടുതലോ ശിക്ഷ അനുഭവിക്കുന്ന മറ്റേതെങ്കിലും കുറ്റവാളികൾക്ക് നിയമ പ്രകാരം ഇതിനകം തന്നെ അഭയം നിഷേധിക്കാവുന്നതാണ്. പുതിയ മാറ്റങ്ങൾ പ്രകാരം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടുന്ന കുറ്റകൃത്യത്തിന് യുകെയിൽ ശിക്ഷിക്കപ്പെട്ട ആർക്കും അവരുടെ ശിക്ഷയുടെ ദൈർഘ്യം പരിഗണിക്കാതെ തന്നെ ഇത് ബാധകമാകും. ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി എടുക്കുന്നുവെന്നും നിയമം നടപ്പാക്കുന്നത് ഉറപ്പാക്കുമെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
പുതിയ നയം എത്ര പേരെ ബാധിക്കുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടിട്ടും അഭയം ലഭിച്ച അബ്ദുൾ എസെദിയുടെ പോലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ മുൻഗണന നൽകുമെന്ന് ആഭ്യന്തര ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. 2024 ജനുവരി 31-ന് ലണ്ടനിലെ ക്ലാഫാമിൽ ഗുരുതരമായ രാസായുധ ആക്രമണം നടത്തിയ ആളായിരുന്നു അഫ്ഗാൻകാരനായിരുന്ന അബ്ദുൾ എസെദി. തൻ്റെ മുൻ പങ്കാളിയെയും അവളുടെ രണ്ട് ഇളയ പെൺമക്കളെയും ആസിഡ് ഉപയോഗിച്ച് ആക്രമിക്കുകയും ഇരകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു . സംഭവത്തിൽ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരും സമീപത്തുണ്ടായിരുന്നവരും ഉൾപ്പെടെ ഒമ്പത് പേർക്കും പരിക്കേറ്റു. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു. 2018-ൽ ലൈംഗികാതിക്രമത്തിന് എസെദിക്ക് ശിക്ഷ ലഭിച്ചതായുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പകുതിയായി കുറയ്ക്കുമെന്ന സർക്കാരിൻ്റെ പ്രതിജ്ഞയെ പൂർത്തീകരിക്കുന്നതാണ് നടപടിയെന്ന് സുരക്ഷാ മന്ത്രി ജെസ് ഫിലിപ്പ് പറഞ്ഞു.
Leave a Reply