ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു.

സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസാധാരണമായ സാഹചര്യങ്ങളാല്‍ നല്‍കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.