ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ട്‌ നടുക്കമുളവാക്കുന്നതാണ്. സ്കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2020 ജൂണിൽ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളുമടക്കം 54,000 -ത്തിലധികം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ഇരകളെ പിന്തുണയ്ക്കുന്നതിനുമായി അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. റേപ്പ് കൾച്ചർ വളരുന്നതിന്റെ തെളിവായി സോമ സാറ തന്റെ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. ആൺകുട്ടികളിൽ നിന്ന് ലൈംഗികചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സാറാ വെളിപ്പെടുത്തി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളിൽ നിന്നാണ് സാറയ്ക്ക് സന്ദേശങ്ങൾ ലഭിച്ചത്. തന്റെ പുതിയ ഡോക്യുമെന്ററിയിൽ , സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാറാ തുറന്ന് പറയുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബലാത്സംഗത്തിനിരയായ വിവരം പങ്കുവെച്ച ഒരു പെൺകുട്ടി, സ്കൂളിലേയ്ക്ക് മടങ്ങാൻ ഭയമാണെന്ന് വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ കുറ്റപ്പെടുത്തുന്ന പ്രവണതയും ഏറിവരികയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആരോപണങ്ങൾക്ക് മറുപടിയായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യാനായി ഹെൽപ്പ് ലൈനും ഉടനടി അവലോകനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ ഇരകളെ പിന്തുണയ്ക്കുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഉപദേശം നൽകുന്നതിനുമായി എൻഎസ് പിസിസി ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നു. ഏതു തരത്തിലുള്ള ലൈംഗികാതിക്രമവും വെറുപ്പുളവാക്കുന്നതാണെന്നും ഈ ആരോപണങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി.

“എനിക്ക് തിരികെ സ്കൂളിൽ പോകാൻ താൽപ്പര്യമില്ല, അവൻ എന്നെ ബലാത്സംഗം ചെയ്തു.”: മരിക്കുന്നതിന് മുമ്പ് പന്ത്രണ്ടുകാരിയായ സെമിന ഹാലിവെൽ തന്റെ അമ്മ റേച്ചൽ ഹാലിവെല്ലിനോട് പറഞ്ഞ വാക്കുകളാണിത്. 2020 മാർച്ചിൽ, തന്റെ സ്കൂളിലെ ഒരു മുതിർന്ന ആൺകുട്ടിയിൽ നിന്ന് സെമിനയ്ക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി റേച്ചൽ വെളിപ്പെടുത്തി. പിന്നീട് അത് ഭീഷണിയായി. നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നേരിട്ട് കണ്ടപ്പോൾ ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. ആൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. താൻ സ്‌കൂളിൽ വിവരമറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് റേച്ചൽ പറഞ്ഞു. ദുഃഖം താങ്ങാനാവാതെ 2020 ജൂണിലാണ് സെമിന ആത്മഹത്യ ചെയ്തത്. സെമിനയുടെ മരണശേഷം, സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്ന ആവശ്യം ശക്തമായി. വേറൊരു കുട്ടിയ്ക്കും ഇത് സംഭവിക്കരുതെന്ന് പറഞ്ഞ റേച്ചൽ, ‘ദ സെമിന ഫൗണ്ടേഷൻ’ എന്ന ചാരിറ്റി സ്ഥാപിക്കുകയാണ്. സ്‌കൂളുകളിൽ ബലാത്സംഗത്തിന് ഇരയായവർക്ക് ശരിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്‌കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ചുള്ള ഓഫ്സ്റ്റഡിന്റെ അവലോകന റിപ്പോർട്ട്‌ ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്നത് ഇപ്പോഴും മുൻഗണന വിഷയമായി നിലകൊള്ളുന്നു.