അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥിനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർക്കും പ്രണയസാഫല്യം. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു.
എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2013ലാണ് ദിവ്യ സിവില്‍ സര്‍വ്വീസ് നേടിയത്. സാമൂഹ്യ രംഗത്തും കലാരംഗത്തും സജീവമായ ദിവ്യ ഡോക്ടറായി ചികിത്സിക്കാൻ എത്തിയത് അടുത്തിടെ വാർത്തയായിരുന്നു. റാങ്ക് ജേതാവ്, ഡോക്ടര്‍, ഗായിക, അസിസ്റ്റന്റ് കളക്ടര്‍ എന്നിങ്ങനെ താരത്തിളക്കമുള്ള ഐഎഎസുകാരി ദിവ്യ എസ് അയ്യര്‍ സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്. ഏലിയാമ്മച്ചിയുടെ ക്രിസ്മസ് എന്ന ഹ്രസ്വചിത്രത്തിലാണ് ദിവ്യ എസ് അയ്യര്‍ സിസ്റ്റര്‍ ജിയോ മരിയ എന്ന കന്യാസ്ത്രീയുടെ വേഷം അവതരിപ്പിക്കുന്നത്. വൃദ്ധ സദനങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന മാതാപിതാക്കളുടെ കഥപറയുന്ന ചിത്രമാണ് എലിയാമ്മച്ചിയുടെ ക്രിസ്മസ്. കോട്ടയം അസിസ്റ്റന്റ് കളക്്ടര്‍ സേവനത്തിനുശേഷം സിവില്‍ സര്‍വീസ് തുടര്‍പരിശീലനത്തിനു തയാറെടുക്കുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വോട്ടു ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം തയാറാക്കിയ ബോധവത്കരണ പരിപാടിയായ സ്വീപ്പില്‍ ഗാനം എഴുതുകയും ആലപിക്കുകയും ചെയ്ത് ദിവ്യ എസ്.അയ്യര്‍ ഏവരുടെയും പ്രശംസ നേടിയിരുന്നു. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നര്‍ത്തകി കൂടിയായ ദിവ്യ പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും കോട്ടയത്തു നടന്ന സാംസ്കാരിക കലോത്സവമായ സുവര്‍ണത്തില്‍ നൃത്തം അവതരിപ്പിച്ചും പ്രശംസ നേടിയിരുന്നു.
ജി. കാർത്തികേയൻറെ മരണത്തോടെയാണ് 33 വയസുകാരനായ ശബരിനാഥ് രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തത്. കാർത്തികേയൻറെ അരുവിക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ശബരീനാഥ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഇടതു തരംഗത്തിലും വിജയം നേടിയ അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു. ഇലക്ട്രിക്കൽ എഞ്ചിനിയറിങിൽ ബിരുദം നേടിയ ശബരീനാഥ് എംബിഎ ബിരുദധാരിയുമാണ്. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്പോഴാണ് ആകസ്മികമായി രാഷ്ട്രീയത്തിൽ എത്തുന്നത്.
വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:
വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.
Leave a Reply