മമ്മൂട്ടി ചിത്രങ്ങളിലെ തമാശരംഗങ്ങള്‍ ഓര്‍ത്താല്‍ ‘മായാവി’യെ ഓര്‍ക്കാതിരിക്കാനാവില്ല. റാഫി മെക്കാന്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയം നേടി. മഹി എന്ന മായാവിയുടെയും (മമ്മൂട്ടി) കണ്ണന്‍ സ്രാങ്കിന്റെയുമൊക്കെ (സലിം കുമാര്‍) കോമഡി രംഗങ്ങള്‍ ഇപ്പോഴും ടെലിവിഷനില്‍ വരാത്ത ദിവസങ്ങള്‍ ചുരുങ്ങും. മായാവിക്ക് ഒരു രണ്ടാംഭാഗം ഒരുങ്ങുമെന്ന വാര്‍ത്തകള്‍ക്കും പഴക്കമുണ്ട്. 2007ല്‍ത്തന്നെ പുറത്തെത്തിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ‘ഹലോ’യിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം അഡ്വ: ശിവരാമനെയും മമ്മൂട്ടിയുടെ ‘മായാവി’യും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തുമെന്നായിരുന്നു കുറേക്കാലം മുന്‍പ് പ്രചരിച്ച വാര്‍ത്ത. എന്നാല്‍ രണ്ട് കഥാപാത്രങ്ങള്‍ ഒരു സിനിമയ്ക്കായി ഒരുമിക്കുന്നില്ലെന്നും മായാവിയുടെ രണ്ടാംഭാഗം വന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. എന്നാല്‍ അത്തരമൊരു പ്രോജക്ട് സജീവപരിഗണനയിലുള്ളതാണെന്ന് പറയുന്നത് റാഫി മെക്കാന്‍ട്ടിന്‍ അല്ല, മറിച്ച് ഷാഫിയാണ്.
വലിയ സാധ്യതയുള്ള ഒരു പ്രോജക്ടാണ് മായാവിയുടെ രണ്ടാംഭാഗം. എനിക്ക് വലിയ പ്രതീക്ഷയും താല്‍പര്യവുമുള്ള വിഷയമാണ് അത്. മായാവിയുടെ തുടര്‍ച്ചയ്ക്ക് പറ്റിയ കഥ തയ്യാറായിട്ടുണ്ട്. എപ്പോള്‍ നടക്കും എന്നൊന്നും പറയാനായിട്ടില്ല. പഴയ കഥാപാത്രങ്ങളെ വച്ചുകൊണ്ട് തന്നെയാവും രണ്ടാംഭാഗവും നിര്‍മ്മിക്കുക. മായാവി ശരിയ്ക്ക് ഒരു ആക്ഷന്‍ ചിത്രമാണ്. ഹ്യൂമര്‍ പ്ലസ് ആക്ഷന്‍ എന്ന കോമ്പിനേഷനിലാണ് സീനുകള്‍ എഴുതിച്ചേര്‍ത്തത്. നായകന്റെ കരുത്തിന് കൂട്ടായി തമാശകള്‍ വന്നുപോവുകയാണ്. അത്തരമൊരു രീതിയാണ് ആ സിനിമയുടെ വിജയ ഫോര്‍മുല. വന്‍വിജയമായ സിനിമയുടെ രണ്ടാംഭാഗം ഒരുക്കുകയെന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ അത്രത്തോളം ഉയരത്തിലായിരിക്കും. അവരെ തൃപ്തിപ്പെടുത്താന്‍ കഴിയണം.
ഷാഫി
അതേസമയം ബിജു മേനോന്‍ നായകനാവുന്ന ‘ഷെര്‍ലക് ടോംസ്’ ആണ് ഷാഫിയുടെ സംവിധാനത്തില്‍ അടുത്തതായി തീയേറ്ററുകളിലെത്താനുള്ള ചിത്രം. ഹാസ്യത്തിന് പ്രാധാന്യമുള്ള ത്രില്ലര്‍ നിര്‍മ്മിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. നജിം കോയയുടെ കഥയ്ക്ക് സച്ചി സംഭാഷണം രചിയ്ക്കുന്നു. ഡിറ്റക്ടീവ് ആകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ച, ഷെര്‍ലക് കഥകളുടെ ആരാധകനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് പുതിയ ചിത്രം.
Leave a Reply