ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രത്സനഗിരിയിൽ വച്ച് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് പ്രതി മുംബെെ എടിഎസിൻ്റെ പിടിയിലായതെന്ന വാർത്തകൾ ആദ്യം പുറത്തു വന്നെങ്കിലും പിന്നീട് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതി ഷാരൂഖ് സെയ്ഫി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിയത് തീവണ്ടിയിൽനിന്ന് വീണതിനെത്തുടർന്നാണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കലംബാനി, ദിവൻ ഖാവടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചു മണിയോടെ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്രതി പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇയാൾ വണ്ടിയിൽനിന്ന് വീഴുന്നത് മറ്റു യാത്രക്കാരാരും കണ്ടിട്ടില്ല. അതിനാൽ റെയിൽവേ സ്‌റ്റേഷനുകളിൽ ഈ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. പാളത്തിന് സമീപം ഒരാൾ ബോധമില്ലാതെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവണ്ടിടയിൽ നിന്ന് വണതിനെ തുടർന്നുണ്ടായ പരിക്ക് ഗുരുതരമായതിനാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാക്കുകയായിരുന്നു. തുടർന്ന് രത്നഗിരി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെയാണ് ഇയാൾ മൊബൈൽ ഫോൺ ഓൺചെയ്തതും പൊലീസിന് വിവരം ലഭിച്ചതും. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന സൂചന ലഭിച്ച ഷാരൂഖ് ചികിത്സയിലിരിക്കേ ജില്ലാ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ കടൽതീരത്തേക്ക് പോയി അവിടെ ചിലവഴിച്ചു. രാത്രി ഏറെ വൈകിയതോടെ ക്ഷീണവും ഉറക്കവും അനുഭവപ്പെട്ട ഷാരൂഖ് ഉറങ്ങാനായി റെയിൽവേ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് പിടിയിലാകുന്നത്.
അതേസമയം പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ ട്രെയിനിൽ തീവച്ചതിനുശേഷം അതേ ട്രെയിനിൽതന്നെ കണ്ണൂരിലെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. പൊലീസിൻ്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ ഒളിച്ചിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് വിശദമാക്കി. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസും റെയിൽവേ പൊലീസും അരിച്ചുപറക്കി പരിശോധന നടത്തിയിട്ടും ഇയാളെ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമി്ൽ ഒളിച്ചിരുന്നു എന്ന മൊഴി കള്ളമാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും ഷഹറൂഖ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ കാടാച്ചിറയില്‍ വെച്ച് പഞ്ചറായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം പ്രതിയുമായി വാഹനം റോഡില്‍ കിടന്നു. ഈ സമയം എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരമുണ്ട്. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ പലവട്ടം വാഹനങ്ങള്‍ മാറ്റേണ്ടി വന്നു. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവയിലാണ് സംഘമെത്തിയത്. എന്നാല്‍ പിന്നീട് ഫോര്‍ച്യൂണറില്‍ കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. ധര്‍മ്മടം മേഖലയിലൂടെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ മമ്മാക്കുന്ന് എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത്. കണ്ണൂര്‍ എടിഎസിന്റെ ജീപ്പില്‍ യാത്ര തിരിച്ചെങ്കിലും എഞ്ചിന്‍ തകരാര്‍ കാരണം വീണ്ടും പെരുവഴിയിലായി. തുടര്‍ന്ന് ഒരു കാറിനാലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത ഒഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.
നേരത്തെ കേസില്‍ പിടിയിലായത് മകന്‍ ഷഹറൂഖ് സെയ്ഫിയെന്ന് സ്ഥീരികരിച്ച് പിതാവ് ഫക്രുദ്ദീന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31ന് രാവിലെ 9 മണിയോടെ ഷാരുഖിനെ കാണാതായി. പതിവ് പോലെ കടയില്‍ പോയെന്നാണ് കരുതിയത്. പക്ഷേ കടയിലെത്തിയില്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മകന്‍ ഡല്‍ഹിക്ക് പുറത്ത് എവിടെയും പോയിട്ടില്ല. ടിവിയില്‍ വന്ന ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ട് മകന്‍ വീട്ടില്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മകന്‍ കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നുമറിയില്ല. ഷഹറൂഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷഹറൂഖ് 12-ാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പിതാവിനൊപ്പം നോയിഡയില്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വീട്ടിലെത്തിയ പൊലീസ് ചില പുസ്തകങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കയ്യക്ഷരം പരിശോധിക്കാനാണിത്. നേരത്തെ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ചില കുറിപ്പുകളും ലഘുലേഖകളും ലഭിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.